പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു, 'ജന ഗണ മന' റിലീസ് തിയതി പുറത്തുവിട്ടു
തിയറ്ററുകളില്‍ വമ്പിച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ജന ഗണ മന. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 28നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പൃഥ്വിരാജ് തന്നെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്.
ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷാരിസ് മുഹമ്മദിന്റേതാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍ തുടങ്ങിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്.