'മിന്നൽ മുരളി' നെറ്റ്ഫ്ലിക്സിൽ
ടൊവിനോ തോമസിൻ്റെ സൂപ്പർ ഹീറോ അവതാരം 'മിന്നൽ മുരളി' യുടെ പ്രദർശനാവകാശം നെറ്റ്ഫ്ലിക്സിന്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുഗ് ഭാഷകളിൽ മൊഴിമാറ്റം ചെയ്താണ് സിനിമ നെറ്റ്ഫ്ലിക്സിലെത്തുന്നത്. മലയാളത്തിലും തമിഴിലും 'മിന്നൽ മുരളി' എന്ന പേരിലും ഹിന്ദിയിൽ 'മിസ്റ്റർ മുരളി' , തെലുഗിൽ 'മെരുപ്പു മുരളി' , കന്നടയിൽ 'മിഞ്ചു മുരളി' എന്നീ പേരുകളിലുമാണ് ഇറങ്ങുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ വീക്കൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ നിർമിക്കുന്നത് സോഫിയ പോളാണ്.
മിന്നൽ മുരളിയുടെ പ്രദർശനാവകാശം സ്വന്തമാക്കിയ സിവരം ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെ നെറ്റ്ഫ്ലിക്സ് തന്നെയാണ് പങ്കുവെച്ചത്.
"ഇത് മിന്നും" എന്ന തലക്കെട്ടിലാണ് പ്രഖ്യാപനം. സാധാരണക്കാരനായ ഒരാൾക്ക് ഇടിമിന്നൽ ഏല്ക്കുന്നതോടെ സൂപ്പർ ഹീറോ ആയി മാറുന്നതാണ് പ്രമേയം എന്നാണ് സൂചനകൾ. ചിത്രത്തെപ്പറ്റിയോ കഥാപാത്രത്തിൻ്റെ സ്വഭാവത്തെപ്പറ്റിയോ ഉള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
മുണ്ടു മടക്കിക്കുത്തി, മുഖം മറച്ച് മാസ്കുപോലെ സ്കാർഫണിഞ്ഞ്, മിന്നൽ വേഗത്തിൽ കുതിച്ചു പായുന്ന നായകൻ്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഥാപാത്രത്തിൻ്റെ വിജയത്തിനായി നല്ലതുപോലെ പരിശ്രമിച്ചെന്ന് ടൊവിനോ പറയുന്നു. സംവിധായകനുമായി നല്ലതുപോലെ ആശയ വിനിമയം നടത്തി. ധാരാളം കാര്യങ്ങൾ പുതിയതായി പഠിച്ചു. ഈ പ്രതിസന്ധി കാലത്തും ആളുകൾക്ക് വീടിൻ്റെ സുരക്ഷിതത്വത്തിലിരുന്ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ ആസ്വദിക്കാനാവും.
ടൊവിനോയ്ക്കു പുറമേ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജുവർഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. പടയോട്ടം ഫെയിം അരുൺ അനിരുദ്ധനും പുതുമുഖമായ ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥ രചിച്ചിട്ടുള്ളത്. സമീർ താഹിറാണ് ക്യാമറ. ലൂസിഫർ ഫെയിം വ്ലാഡ് റിംബർഗാണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തത്. ഷാൻ റഹ്മാൻ സംഗീതവും ലിവിങ്സ്റ്റൺ മാത്യു എഡിറ്റിങ്ങും നിർവഹിക്കുന്നു.
കാലടിയിൽ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായി പണി തീർത്ത സെറ്റ് തകർത്ത സംഭവം ഏറെ വിവാദമായിരുന്നു.