'സണ്ണി' സ്പെയിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ; സന്തോഷ വാർത്ത പങ്കുവെച്ച് ജയസൂര്യ
രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സണ്ണിക്ക് അപ്രതീക്ഷിത അംഗീകാരം. സ്പെയിനിലെ കലേല അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. നടൻ ജയസൂര്യയാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചിത്രമാണ് സണ്ണി.
"അങ്ങേയറ്റം ആഹ്ലാദത്തോടെയാണ് സണ്ണി സ്പെയിനിലെ കലേല ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം നിങ്ങളെ അറിയിക്കുന്നത്. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സിനിമയാണ് സണ്ണി. ഈ നേട്ടത്തിൽ
മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും ഏവരോടും നന്ദി അറിയിക്കുന്നു," എന്നാണ് ജയസൂര്യയുടെ സന്ദേശം.
ജയസൂര്യയുടെ നൂറാമത് സിനിമയായ 'സണ്ണി' കഴിഞ്ഞയാഴ്ചയാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. മികച്ച റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും മുന്നേറുകയാണ്. ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ചിത്രമാണ് സണ്ണി. പുണ്യാളൻ അഗർബത്തീസ്, സു...സു...സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം 2, രാമൻ്റെ ഏദൻതോട്ടം ഉൾപ്പെടെ ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വിജയമായിരുന്നു. അഭിനേതാവ് എന്ന നിലയിൽ താരത്തിൻ്റെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന 'ഞാൻ മേരിക്കുട്ടി'യും ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. ക്രിയേറ്റീവ് ബ്ലോക്ക് നേരിടുന്ന ഒരു സംഗീതജ്ഞനെയാണ് സണ്ണിയിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.