പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയ 'വാരിയം കുന്നൻ' സിനിമ പുറത്തിറക്കുമെന്ന് നിർമാതാക്കൾ
വിവാദങ്ങളെ തുടർന്ന് സംവിധായകനും നായകനും പിൻമാറിയെങ്കിലും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള തങ്ങളുടെ ചരിത്ര സിനിമ പുറത്തിറക്കുമെന്ന് നിർമാതാക്കളായ കോമ്പസ് മൂവീസ്. ദൗർഭാഗ്യകരമായ സാഹചര്യങ്ങൾ മൂലമാണ് ആഷിക് അബുവിനും പൃഥ്വിരാജിനും തങ്ങളുടെ പ്രോജക്റ്റിൽ നിന്ന് പിന്മാറേണ്ടി വന്നത്. അവരുടെ പിന്മാറ്റം സിനിമയെ ഒരു തരത്തിലും ബാധിക്കില്ല. എല്ലാ വിധത്തിലുള്ള കലാപരമായ മികവോടെയാകും സിനിമ പുറത്തിറങ്ങുക. അതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച പുതിയ വിശദാംശങ്ങൾ ഉടനെ പ്രഖ്യാപിക്കും.
വാരിയംകുന്നൻ എന്ന സിനിമ അതിൻ്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ സാക്ഷാത്ക്കരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് നിർമാതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ അടിവരയിട്ട് പറയുന്നുണ്ട്. പ്രമുഖരുടെ പിന്മാറ്റം സിനിമക്ക് തിരിച്ചടിയാവില്ല എന്ന് വ്യക്തമാക്കാനാണ് ഇത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാനായ വിപ്ലവകാരിയുടെയും മലബാർ വിപ്ലവത്തിൻ്റെയും ഉജ്വലമായ ചരിത്രമാണ് സിനിമ പറയുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രത്തിൻ്റെ നിർമാണം. തടസ്സങ്ങൾ നേരിടും എന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ് സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിച്ചത്. എല്ലാ വെല്ലുവിളികളെയും മറികടന്ന് സിനിമ പുറത്തിറക്കും.
വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഹിന്ദു വർഗീയ സംഘടനകൾ സിനിമയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഹിന്ദു ഐക്യവേദി ഉൾപ്പെടെ നിരവധി സംഘടനകൾ ചിത്രത്തിനെതിരെ തിരിഞ്ഞു. നായകനായ പൃഥ്വിരാജിനും സംവിധായകനായ ആഷിക് അബുവിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം അരങ്ങേറി. സംഘടിതമായ സൈബർ ആക്രമണത്തെ ഭയന്ന് സിനിമ ചെയ്യുന്നതിൽ നിന്ന് പിന്മാറില്ല എന്ന് സംവിധായകൻ ആഷിക് അബു പ്രതികരിച്ചിരുന്നു. എന്നാൽ പ്രോജക്റ്റിൻ്റെ ഒരു ഘട്ടത്തിൽ സംവിധായകനു പുറമേ നായകനും പിന്മാറുകയായിരുന്നു. സിനിമ തന്നെ ഉപേക്ഷിക്കുകയാണ് എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ കനത്തു. ആ സാഹചര്യത്തിലാണ് വിശദീകരണവുമായി നിർമാതാക്കൾ രംഗത്തു വന്നിരിക്കുന്നത്.
ആഷിക് അബുവിന് പുറമേ പി ടി കുഞ്ഞഹമ്മദും ഇബ്രാഹിം വെങ്ങരയും അലി അക്ബറും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമകൾ പ്രഖ്യാപിച്ചിരുന്നു. ഒരു വ്യക്തിയുടെ ജീവചരിത്രം മുൻനിർത്തിയുള്ള ബയോപിക് നിർമാണം ഒട്ടേറെ വിവാദങ്ങൾക്കിടയാക്കുകയും ഇത്രയേറെ കോലാഹലം സൃഷ്ടിക്കുകയും ചെയ്ത ചരിത്രം മലയാളത്തിൽ മുൻപുണ്ടായിട്ടില്ല. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് വില്ലൻ പരിവേഷം പകർന്നു കൊണ്ടുള്ള അലി അക്ബറിൻ്റെ സിനിമയും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.