ഗവർണറുടെ നോട്ടിസിന് മലയാളം സർവകലാശാലാ വിസി മറുപടി നൽകി
കോഴിക്കോട്: പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് മറുപടി നൽകി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ. മറുപടി ഇന്നലെ തപാൽ വഴി അയച്ചതായി അദ്ദേഹം പറഞ്ഞു. രേവതി പട്ടത്താനത്തിന്‍റെ ഭാഗമായുള്ള കൃഷ്ണഗീതി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. അക്കാദമിക് മികവുകള്‍ പരിഗണിക്കുമ്പോള്‍ വിസിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്നാണ് മറുപടി കത്തിന്‍റെ ഉള്ളടക്കം എന്നാണ് അറിയുന്നത്. ഉള്ളടക്കം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അനിൽ വള്ളത്തോൾ പറഞ്ഞു. ഗവര്‍ണര്‍ക്ക് മറുപടി നൽകാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും.