കിളിമഞ്ചാരോയിൽ ദേശീയ പതാക ഉയർത്തി മലയാളി

കൊല്ലം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാവരും അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചരോയിൽ പതാക ഉയർത്താൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി ആദിനാട് ബാബു നിവാസിലെ ജിജോ ബാബു. കഴിഞ്ഞ മാസം 14ന് പൗർണമി ദിവസം കിളിമഞ്ചാരോയിലെത്തിയ ജിജോയും സംഘവും കിളിമഞ്ചരോ കയറിയ ശേഷം കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. "പണ്ട് ആംബോസെല്ലി ദേശീയോദ്യാനത്തില്‍ നിന്ന് കിളിമഞ്ചാരോ കണ്ടപ്പോ തോന്നിയ മോഹമാണ് അതൊന്നു കീഴടക്കണമെന്നത്. ഉഗാണ്ടയിലെ മലയാളി സുഹൃത്തുക്കളായ തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ആര്‍തര്‍ ആന്റണി, ഇഗ്‌നേഷ്യസ് കൈതക്കല്‍, ജിക്കു ജോര്‍ജ്, പുണെക്കാരനായ അതുല്‍ ഗിരി എന്നിവരടങ്ങുന്ന സംഘം ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുന്നെന്നറിഞ്ഞപ്പോള്‍ ഞാനും കൂടി. അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു. കൂട്ടത്തില്‍ 15,000 അടി ഉയരത്തിലുള്ള ലാവാ ടവറില്‍ എത്തിയപ്പോള്‍ ഓക്‌സിജന്‍ കുറവു കാരണം ഒരാള്‍ക്ക് പാതിവഴിയില്‍നിന്ന് ഇറങ്ങേണ്ടിവന്നു. ആറാം നാള്‍ ഉഹുറു കൊടുമുടിയില്‍ ഇന്ത്യന്‍ പതാകയുമേന്തി നിന്ന നിമിഷം അവിസ്മരണീയമാണ്" ജിജോ പറഞ്ഞു

Related Posts