എഐ ഉപയോഗിച്ച് ഗാന്ധിയുടെയും നെഹ്റുവിന്റെയും സെൽഫി ചിത്രങ്ങളൊരുക്കി മലയാളി
മൊബൈൽ ഫോണുകളോ സെൽഫികളോ ഇല്ലാത്ത കാലത്ത് പ്രമുഖർ സെൽഫി എടുക്കുകയാണെങ്കിൽ എങ്ങനെയിരിക്കും? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ പുതിയ കാലത്തെ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുകയാണ് മലയാളി ചിത്രകാരൻ ജ്യോ ജോൺ മുള്ളൂർ. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബിആർ അംബേദ്കർ, മദർ തെരേസ, ഏണസ്റ്റോ ചെഗുവേര, ജോസഫ് സ്റ്റാലിൻ, എബ്രഹാം ലിങ്കൺ, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സെൽഫി സീരീസിൽ ഉള്ളത്. 'എന്‍റെ പഴയ ഹാർഡ് ഡ്രൈവ് വീണ്ടെടുത്തപ്പോൾ പഴയകാല സുഹൃത്തുക്കൾ എനിക്ക് അയച്ച സെൽഫികളുടെ ഒരു ശേഖരം കിട്ടി' എന്ന അടിക്കുറിപ്പോടെയാണ് ജ്യോ ചിത്രം പങ്കുവച്ചത്. 'മിഡ്-ജേണി' എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് ചിത്രങ്ങൾ ഒരുക്കിയത്. ചിത്രങ്ങൾ റീപെയ്ന്റ് ചെയ്യാൻ ഫോട്ടോഷോപ്പ് ഉപയോഗിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് നിർമ്മിച്ചത്. ദേശീയ അന്തർദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.