നാസാ ആർട്ടെമിസ് മിഷന്റെ 8 കെ തത്സമയ സംപ്രേഷണത്തിൽ കയ്യൊപ്പ് ചാർത്തി മലയാളി അനീഷ് മേനോൻ

തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗർ സ്വദേശിയാണ് അനീഷ് മേനോൻ

ആർട്ടിമിസ് ദൗത്യം 8 കെ നിലവാരത്തിൽ സംപ്രേഷണം നിർവഹിച്ചതിൽ കേരളത്തിനും അഭിമാനിക്കാം. 8 കെ നിലവാരത്തിൽ സംപ്രേഷണ വിഡിയോ തയാറാക്കിയ ടീം അംഗമായ തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗറിൽ അനീഷ് മേനോൻ ആണ് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടം സമ്മാനിച്ചത്. ടെൻത് ഡൈമെൻഷൻസ് എന്ന കമ്പനിയുടെ സഹസാരഥിയും ചീഫ് ഇന്നവേറ്റീവ് ഓഫീസറുമാണ് അനീഷ്. ടെൻത് ഡയമെൻഷൻസിൻടെ ഭാഗമായ മീറ്റ്‌മോ ഡോട്ട് ഐ ഒ എന്ന സംരംഭം യുഎസ്സിലെ ഫെലിക്സ് ആൻഡ് പോൾ സ്റ്റുഡിയോസും, ഫ്ലൈറ്റ് ലൈൻ ഫിലിംസുമായി ചേർന്നാണു സംപ്രേഷണ ദൗത്യം ഏറ്റെടുത്തത്. അനീഷിന്റെ സംരംഭക പങ്കാളികളായ മൈക്കൽ മൻസൂറി(സി ഇ ഒ ), ജൊഹാൻ റൊമേറോ (സി ടി ഒ) എന്നിവർ കെന്നഡി സ്‌പേസ് സെന്ററിൽ പലയിടത്തായി 360 ആംഗിൾ ക്യാമറകൾ സ്‌ഥാപിച്ച് 8 കെ ലൈവ് സംപ്രേഷണം യാഥാർഥ്യമാക്കി. ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയ 8- കെ എൻകോഡർ ഹാർഡ്‌വെയർ സ്ട്രീമിങ് ടെക്‌നോളജി ബെംഗളൂരുവിലെ ഓഫീസിലിരുന്ന് നിയന്ത്രിച്ചത് അനീഷ് ആണ് . നിരവധി ഇന്ത്യൻ കമ്പനികൾക്ക് ഐ ടി സപ്പോർട്ട് നൽകുന്ന കമ്പനിയുടെ സംരംഭകൻ കൂടിയാണ് അനീഷ്‌മേനോൻ. ഒരുക്കങ്ങളും കൗണ്ട്ഡൗണും റോക്കറ്റിന്റെ കുതിക്കലും മുതൽ ഭൂമിയുടെ ഭ്രമണപഥം വിടുന്നതു വരെയുള്ള ദൃശ്യം 360 വിർച്വൽ റിയാലിറ്റി സംവിധാനത്തിലൂടെ ലോകത്തെവിടെയുമിരുന്നു കാണാൻ നാസ ഒരുക്കിയ അവസരമായിരുന്നു ഇത്. കെന്നഡി സ്പേസ് സെന്ററിൽ നേരിട്ടു നിന്ന് കാണുന്ന കാഴ്ച, കേൾവി അനുഭവം കാഴ്ചക്കാരിലേക്ക് പകർന്നു നല്കാൻ തത്സമയ 8 കെ സംപ്രേഷണത്തിലെ ടീം മെമ്പറായതിൽ സന്തോഷവാനാണന്നും കൂടുതൽ ദൗത്യങ്ങൾ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങൾ ഉള്ളതെന്നും അനീഷ്‌മേനോൻ മിഡ്‌ലൈനോട് പറഞ്ഞു. ഇന്ന് ലോകത്ത് ലഭ്യമായ ഏറ്റവും വ്യക്തതയുള്ള റെക്കോർഡിങ് – സ്ട്രീമിങ് സംപ്രേഷണമായി ഇതെന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ. 8കെ റെസലൂഷനിൽ മീറ്റ്മോ നൽകിയ ഇൻപുട് ആണ് ശാസ്ത്രജ്ഞരുടെ എക്സ്പീരിയൻസ് സെന്ററുകളിലും പ്ലാനറ്റോറിയങ്ങളിലും സ്പേസ് എക്സ്പോറേഴ്സ് ഏജൻസി ഫെയ്സ്ബുക് ലൈവിലും വിർച്വൽ റിയാലിറ്റി ഔട്പുട്ട് ആയി നൽകിയത്. 2025-ഓടെ മനുഷ്യനെ ചന്ദ്രന്റെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരിക എന്നതാണ് ആർട്ടെമിസിന്റെ പ്രാഥമിക ലക്ഷ്യം.

Related Posts