മല്ലൻകുഴി പദ്ധതി: റിപ്പോർട്ട് നൽകാൻ സ്ഥല സന്ദർശനം
കടങ്ങോട് ഗ്രാമപഞ്ചായത്തിലെ മല്ലൻകുഴി പ്രദേശത്തെ വികസന സാധ്യതകൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി.സിന്ധുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൃഷിക്കും കുടിവെള്ളത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രാദേശിക ടൂറിസത്തിനും ഗുണകരമാകുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കടങ്ങോട് ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാനാണ് ലക്ഷ്യം.
മല്ലൻകുഴി പ്രദേശത്തെ ജലസ്രോതസുകളെ ഒരുമിപ്പിച്ച് ജലലഭ്യത ഉറപ്പാക്കും. കാവു സംരക്ഷണം, ടൂറിസം പാക്കേജ് എന്നിവ രൂപപ്പെടുത്താൻ മാപ്പിങും തയ്യാറാക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ ഷാജി, മെമ്പർമാരായ കെ.ആർ. സിമി, ടെസ്സി ഫ്രാൻസീസ്, മൈമൂന ഷെബീർ എന്നിവരും മണ്ണു സംരക്ഷണ ഓഫീസറെ അനുഗമിച്ചു.