റൂം സ്പ്രേയിൽ മാരകമായ ബാക്റ്റീരിയ, ഉത്പന്നം തിരിച്ചുവിളിച്ച് വാൾമാർട്ട്
മാരകമായ ബാക്റ്റീരിയ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചും ഉത്പന്നത്തെ തിരിച്ചുവിളിച്ചും അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി വാൾമാർട്ട്. ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് ബ്രാൻഡിലുള്ള റൂം സ്പ്രേയാണ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചത്. കർപ്പൂരവള്ളിയും ജമന്തിപ്പൂവും ജെംസ്റ്റോൺസും അടങ്ങിയ അരോമാതെറാപ്പി സ്പ്രേയിലാണ് മരണകാരണമായേക്കാവുന്ന ബാക്റ്റീരിയയെ കണ്ടെത്തിയത്.
'ബർക്കോൾഡൂറിയ സ്യൂഡോമാലിയായ് ' എന്നാണ് ബാക്ടീരിയയുടെ ശാസ്ത്രീയ നാമം. ഉഷ്ണമേഖലാ കാലാവസ്ഥയിൽ കാണപ്പെടുന്ന അപകടകരമായ മെലിയോയ്ഡോസിസ് അണുബാധ മൂലം അടുത്തിടെ ഏതാനും മരണങ്ങൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കൻസാസ്, ടെക്സാസ്, മിനസോട്ട എന്നിവിടങ്ങളിൽ കാണപ്പെട്ട അണുബാധയ്ക്ക് റൂം സ്പ്രേയുമായുള്ള ബന്ധം സ്ഥിരീകരിച്ചിരുന്നു. സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ ആണ് അപകട മുന്നറിയിപ്പ് ആദ്യം നൽകിയത്. തുടർന്നാണ് ഉത്പന്നത്തെ തിരിച്ചു വിളിക്കാനുള്ള നടപടികളിലേക്ക് വാൾമാർട്ട് കടന്നത്. 18 സംസ്ഥാനങ്ങളിലെ 55 സ്റ്റോറുകളിലും ഓൺലൈനിലുമായി നടന്നുവന്ന വിൽപ്പന പൂർണമായി നിർത്തിവെച്ചിട്ടുണ്ട്. ഓൺലൈനിലൂടെ സ്പ്രേ വാങ്ങിയ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകിക്കൊണ്ടുള്ള ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഉത്പന്നം വാങ്ങിയവർ ഉടനടി ഉപയോഗം നിർത്തി ഡബിൾ പാക്ക് ചെയ്ത് കാർഡ് ബോർഡ് ബോക്സിലാക്കി തിരിച്ചേൽപ്പിക്കാനാണ് നിർദേശം. ബോട്ടിൽ ഡ്രെയ്നേജിൽ ഒഴിച്ച് കളയുകയോ അശ്രദ്ധമായി എറിഞ്ഞു കളയുകയോ ചെയ്യരുതെന്ന കർശനമായ നിർദേശവും നൽകിയിട്ടുണ്ട്.