സമാജ്‌വാദി പാർടി പ്രചാരണത്തിന് മമത ബാനർജി ഉത്തർപ്രദേശിൽ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടി എം സി) അധ്യക്ഷയുമായ മമത ബാനർജി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടിക്കായി പ്രചാരണം നടത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി അവർ ലഖ്‌നൗവിൽ എത്തി.
ഇന്ന് ലഖ്‌നൗവിലെ പാർടി ആസ്ഥാനത്ത് എസ് പി അധ്യക്ഷൻ അഖിലേഷ് യാദവുമായി ബാനർജി സംയുക്ത പത്രസമ്മേളനം നടത്തും. ഒരു വെർച്വൽ റാലിയെയും ടി എം സി മേധാവി അഭിസംബോധന ചെയ്യും.
ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കൊൽക്കത്തയിൽ നടത്തിയ പത്ര സമ്മേളനത്തിൽ ബി ജെ പി ക്കെതിരെ മമത ആഞ്ഞടിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർടിയെ പരാജയപ്പെടുത്തുകയാണ് തൻ്റെ ലക്ഷ്യമെന്ന് അവർ പ്രഖ്യാപിച്ചു.
സമാജ്‌വാദി പാർടിക്കു വേണ്ടി പ്രചാരണം നടത്താനുളള അഖിലേഷ് യാദവിൻ്റെ അഭ്യർഥന സ്നേഹപൂർവം സ്വീകരിച്ചതായി അവർ പറഞ്ഞു.