'പുഴു'വിന്റെ ചിത്രീകരണം പൂർത്തിയാക്കി, സന്തോഷം പങ്കുവെച്ച് മമ്മൂട്ടി
മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുഴുവിന്റെ ചിത്രീകരണം പൂർത്തിയായി. പാക്കപ്പ് സമയത്തെ ഗ്രൂപ്പ് ഫോട്ടോ താരം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി തന്നെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ആരാധകരെ അറിയിച്ചത്. നവാഗതയായ റത്തീന പിടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പുഴുവിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി എന്നറിയിക്കുവാന്‍ സന്തോഷമുണ്ടെന്നും പുരോഗമനപരവും ലക്ഷ്യബോധവുമുള്ള ഒരു ചിത്രമാണിതെന്നും ഇതിന്‍റെ നിര്‍മ്മാണ ഘട്ടം മികച്ച അനുഭവം സമ്മാനിച്ചെന്നും അവസാന പ്രോഡക്റ്റ് നിങ്ങളിലെത്തുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോർട്ടുകൾ. വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേതെന്നാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്. 'ഉണ്ട'യുടെ തിരക്കഥാകൃത്തായ ഹർഷാദാണ് കഥ ഒരുക്കുന്നത്. ഷര്‍ഫു, സുഹാസ് എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ് ജോർജാണ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും നിർമ്മാണ പങ്കാളികളാണ്. ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. തേനി ഈശ്വറാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.