മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ട്രെയിലർ പുറത്ത്; റിലീസ് പ്രഖ്യാപിച്ചു

സിനിമാ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം ട്രെയിലർ പുറത്ത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു. മാർച്ച് 3 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
മൈക്കിളിന്റെ മാസ് ഡയലോഗുകൾക്കൊപ്പമുള്ള ട്രെയിലർ യൂട്യൂബിലെ ട്രെൻഡിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. ഇതിനോടകം പത്ത് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. മാസ് ഡയലോഗുകളും സീനുകളുംകൊണ്ട് നിറഞ്ഞ ട്രെയിലർ അവസാനിക്കുന്നത് അന്തരിച്ച താരങ്ങളായ കെപിഎസി ലളിതയിലും നെടുമുടി വേണുവിലുമാണ്.
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. ദിലീഷ് പോത്തന്‍, നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സുദേവ് നായര്‍, ഹരീഷ് ഉത്തമന്‍, ലെന, അനസൂയ ഭരദ്വാജ്, ജിനു ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.