മമ്തയും ആസിഫും ജോഡികളായി പുതിയ ചിത്രം; മഹേഷും മാരുതിയും
മമ്ത മോഹൻദാസും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു മാരുതി കാർ കൂടി പ്രധാന കഥാപാത്രമാവുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
1984 മോഡൽ മാരുതി 800 കാറാണ് സിനിമയുടെ പ്രധാന ആകർഷണീയത. മാരുതി കാറിനോടുള്ള നായകന്റെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. മമ്ത-ആസിഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് മഹേഷും മാരുതിയും. നേരത്തേ കഥ തുടരുന്നു, ജവാൻ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിൻ്റെ സംവിധായകൻ. മണിയൻ പിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്. മണിയൻ പിള്ളയ്ക്കൊപ്പം വി എസ് എൽ ഫിലിം ഹൗസും നിർമാണത്തിൽ പങ്കാളിയാവുന്നുണ്ട്.
മ്യാവൂ എന്ന ചിത്രത്തിനു ശേഷം മമ്ത അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് നടൻ പൃഥ്വിരാജാണ്. ചിത്രത്തിലെ നായികയായി നേരത്തേ നിശ്ചയിച്ചത് കല്യാണി പ്രിയദർശനെയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മറ്റ് ചില ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തിരക്കിലാണ് കല്യാണി. ജനുവരി അവസാന വാരം സിനിമയുടെ ചിത്രീകരണം തുടങ്ങും.