70 വർഷം ലൈസൻസില്ലാതെ വാഹനമോടിച്ച ആൾ പിടിയിൽ
ഏഴ് പതിറ്റാണ്ട് കാലത്തോളം ഡ്രൈവിങ്ങ് ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ തുടർച്ചയായി വാഹനമോടിച്ച ആൾ ഒടുവിൽ ട്രാഫിക് പൊലീസിൻ്റെ പിടിയിലായി. ബ്രിട്ടണിലെ നോട്ടിങ്ഹാമിലാണ് കൗതുകകരമായ സംഭവം.
ബുൾവെല്ലിലെ ടെസ്കൊ എക്സ്ട്രയിൽ വെച്ച് കഴിഞ്ഞ ദിവസം പിടിയിലായപ്പോഴാണ് കഴിഞ്ഞ 70 കൊല്ലക്കാലവും താൻ ലൈസൻസും ഇൻഷുറൻസും ഉൾപ്പെടെയുള്ള നിയമാനുസൃത രേഖകൾ ഒന്നും ഇല്ലാതെയാണ് വാഹനമോടിച്ചത് എന്ന സത്യം 84-കാരനായ വൃദ്ധൻ വെളിപ്പെടുത്തിയത്. 12 വയസ്സു മുതൽ കാർ ഓടിക്കുന്നുണ്ട്. ഇതേവരെ ട്രാഫിക് പൊലീസിൻ്റെ പിടിയിലായിട്ടില്ല.
ലൈസൻസില്ലാതെ വണ്ടിയോടിച്ചിട്ടും ആർക്കും ഒരപകടവും അയാൾ ഉണ്ടാക്കിയിട്ടില്ലെന്നും ആരേയും പരിക്കേൽപ്പിച്ചിട്ടില്ലെന്നും ഇൻഷുറൻസ് ഇല്ലാതിരുന്നിട്ടും ആർക്കും സാമ്പത്തികമായി നഷ്ടം വരുത്തിയിട്ടില്ലെന്നും നോട്ടിങ്ഹാം പൊലീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.