ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫോട്ടോ ആവാൻ 'ഇൻഗ്രസിൻ്റെ വയലിൻ'; പ്രതീക്ഷിക്കുന്നത് 7 മില്യൺ ഡോളർ വരെ

മാൻ റേയുടെ പ്രശസ്തമായ 'ലെ വയലിൻ ഡി'ഇൻഗ്രസ് ' ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫോട്ടോ ആയി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ സർറിയലിസ്റ്റ് കലാകാരനായ മാൻ റേ 1924-ൽ എടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ലെ വയലിൻ ഡി'ഇൻഗ്രസ് ' അഥവാ ഇൻഗ്രസിൻ്റെ വയലിൻ. ഒരു സ്ത്രീയുടെ നഗ്നശരീരത്തിൽ എഫ്-ഹോൾ വരച്ചുവെച്ച് വയലിനാക്കി മാറ്റുന്ന ചിത്രം ഏറെ പ്രശസ്തമാണ്.

മാൻ റേയുടെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന ചിത്രത്തിൻ്റെ ഒറിജിനൽ പ്രിൻ്റ് മെയ് മാസത്തിൽ ക്രിസ്റ്റീസിൽ ലേലത്തിൽ എത്തുമ്പോൾ 5-7 മില്യൺ ഡോളർ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 52 കോടി രൂപയോളം. ലേല ചരിത്രത്തിൽ തന്നെ ഒരു ഫോട്ടോയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.

ഫ്രഞ്ച് നിയോ ക്ലാസിക്കൽ ചിത്രകാരൻ ആയിരുന്ന ജീൻ ഓഗസ്‌റ്റ് ഡൊമിനിക് ഇൻഗ്രസ് ചിത്രങ്ങൾ വരയ്ക്കാത്ത സമയങ്ങളിൽ വയലിൻ വായിക്കാറുണ്ടായിരുന്നു. സമയം കൊല്ലാനുള്ള ഇൻഗ്രസിൻ്റെ ഇഷ്ട വിനോദമായിരുന്നു വയലിൻ വായന. ഇതിൽ നിന്നാണ് ടൈം പാസിൻ്റെ ജനപ്രിയ ഫ്രഞ്ച് പദപ്രയോഗമായി ലെ വയലിൻ ഡി ഇൻഗ്രസ് മാറിയത്. ഇൻഗ്രസിൻ്റെ വാൽപിൻകോൺ ബാതറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാൻ റേ ഈ ഫോട്ടോ എടുത്തത്.

Related Posts