പ്രമേഹ ബാധിതരായ കുരുന്നുകൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം
തിരുവനന്തപുരം : ടൈപ്പ് 1 പ്രമേഹ ബാധിതരായ കുഞ്ഞുങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി നൂറോളം കുട്ടികളും അമ്മമാരും ചടങ്ങിൽ പങ്കെടുത്തു .ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കെയർ' പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ്സുകൾ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.
ഹോട്ടൽ റൂബി അറീനയിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് യോഗവും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ പദ്ധതിയും ഉദ്ഘാടനം ചെയ്തു.
മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയായ വി.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ പ്രശംസനീയമെന്നെന്നു എം എൽ എ വി കെ പ്രശാന്ത് അഭിപ്രായപ്പെട്ടു. ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ പ്രസിഡൻറ് ഫാ. ജീവൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് പദ്ധതി വിശദീകരിച്ചു.
കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ അവരുടെ രോഗാവസ്ഥ മനസ്സിലാക്കി പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുകയും, ആരോഗ്യം സംരക്ഷിച്ചു വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നും വി പി നന്ദകുമാർ പറഞ്ഞു. ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷനിലെ കുട്ടികൾക്കായി തുടർന്നും മണപ്പുറം ഫൗണ്ടേഷന്റെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം നൽകി
ഡോ. രജിത് കുമാർ, ഡെറീന സി ദാസ്, ഷിഹാബുദ്ദീൻ, ഷാനവാസ്, ജയചന്ദ്രൻ, മണപ്പുറം ഫിനാൻസ് സീനിയർ പിആർഒ കെ എം അഷ്റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗം പ്രതിനിധികളായ ശിൽപ ട്രീസ സെബാസ്റ്റ്യൻ, സൂരജ് കൊമ്പൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.