രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശി സോനുവിനെ കേരള പൊലീസ് പിടികൂടി.
കൊച്ചി: എംബിബിഎസ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്താൻ രഖിലിന് തോക്ക് നൽകിയ ആളെ പൊലീസ് പിടികൂടി. ബീഹാർ സ്വദേശി സോനു കുമാർ മോദിയെ(21) കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലെ മൂന്നംഗ സംഘമാണ് ബീഹാറിലെത്തി ബീഹാർ പൊലീസിന്റെയും സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും സഹായത്തോടെ പിടികൂടിയത്.
സോനു കുമാറിനെ ബീഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി. വൈകാതെ പൊലീസ് ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. മുൻപ് രഖിലിന്റെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സോനു കുമാർ മോദിയെ പിടിക്കാനെത്തിയ കേരളാ പൊലീസിനെ ഇയാളുടെ സുഹൃത്തുക്കൾ ആക്രമിച്ചു. ഇതോടെ ബീഹാർ പൊലീസിന്റെ സഹായം തേടിയ സംസ്ഥാന പൊലീസ് സോനു മോദിയെ പിടിക്കുകയായിരുന്നു.
തോക്ക് വിൽപന കേന്ദ്രത്തെ കുറിച്ച് രഖിലിന് വിവരം നൽകിയത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.