മാഞ്ചസ്റ്റർ സിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മിന്നൽ മുരളി; ടൊവിനോയുടെ കമൻ്റിന് മാത്രം പതിനായിരങ്ങളുടെ ലൈക്ക്

മലയാളത്തിൻ്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി ലോകം കീഴടക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ചയെത്തുമ്പോഴും സിനിമാ ലോകത്തെ ചൂടുപിടിച്ച ചർച്ചകളിൽ ഒന്നായി മിന്നൽ മുരളി തുടരുന്നു.

നെറ്റ്ഫ്ലിക്സ് ഇന്നലെ പുറത്തുവിട്ട ആഗോള ടോപ്പ് 10 ലിസ്റ്റിലും മിന്നൽ മുരളിയുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ മേഖലയിലെ 30 രാജ്യങ്ങളിലാണ് പ്രേക്ഷകർ ഏറ്റവുമധികം കാണുന്ന ആദ്യ പത്ത് സിനിമകളുടെ പട്ടികയിൽ നമ്മുടെ സ്വന്തം മിന്നൽ ഇടം പിടിച്ചത്. ചൈനീസ് കുട്ടികൾ മിന്നൽ മുരളി ആസ്വദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

ഏറ്റവും ഒടുവിലായി, ഫുട്ബോൾ ലോകത്തിൻ്റെ അമരത്തുള്ള സാക്ഷാൽ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെ മിന്നൽ അടിച്ച വാർത്തയാണ് പരക്കുന്നത്. ലോകമെമ്പാടും കോടിക്കണക്കിന് ഫോളോവേഴ്‌സുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് കണ്ട് മലയാളികൾ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. മാഞ്ചസ്റ്ററിൻ്റെ സൂപ്പർ കളിക്കാരൻ മഹ്റസിൻ്റെ ചിത്രം പങ്കുവെച്ചു കൊണ്ട് അവരിട്ട തലക്കെട്ട് "ഞങ്ങളുടെ സൂപ്പർ ഹീറോ മഹ്റസ് മുരളി" എന്നാണ്. തൊട്ടുപിന്നാലെ ടൊവിനോയുടെ കിടിലൻ കമൻ്റും വന്നു. "മിന്നൽ മുരളി ഒറിജിനൽ ഈസ് വാച്ചിങ്ങ് യൂ" എന്നാണ് സാക്ഷാൽ മിന്നലിൻ്റെ കമൻ്റ്. പതിനാറായിരത്തിലേറെ ലൈക്കുകളാണ് ടൊവിനോയുടെ കമൻ്റിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

Related Posts