റൊണാള്‍ഡോ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിക്കെതിരെ ഇറങ്ങും
ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇറങ്ങുക. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കും ഇന്ന് മത്സരങ്ങളുണ്ട്. പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലെത്താനുള്ള ശ്രമമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നടത്തുക. സ്വന്തം മണ്ണിൽ ടോട്ടൻഹാമിനെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്. ബ്രെന്‍റ്ഫോർഡിനെതിരായ സമനിലയുടെ നിരാശ മാറ്റുകയാണ് ചെൽസിയുടെ ലക്ഷ്യം. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ ടീമിൽ നിന്ന് പുറത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് കളത്തിലിറങ്ങുക. ആന്‍റണി മാർഷ്യലും വാൻ ബിസാക്കയും പരിക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തും. ചെൽസി കോച്ച് ഗ്രഹാം പോട്ടറിനെയും അലട്ടുന്നത് പരിക്കാണ്. എൻ ഗോളോ കാന്‍റെ, റീസ് ജെയിംസ്, ഫൊഫാന എന്നിവർ ടീമിന് പുറത്താണ്. തിയാഗോ സിൽവ, ഹക്കീം സിയെച്ച് എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ ഒമ്പത് പ്രീമിയർ ലീഗ് മത്സരങ്ങളിലും ചെൽസിയോട് തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്. രാത്രി 10 മണിക്കാണ് പോരാട്ടം.