ശങ്കരന് കൂട്ടായി മണിച്ചി; 8 വർഷമായി തുടരുന്ന സൗഹൃദം
കൊല്ലം : സമയം ഇരുട്ടി തുടങ്ങുന്നതോടെ ശങ്കരൻ മണിച്ചിക്കൊപ്പം രാമൻകുളങ്ങരയിലെ കടത്തിണ്ണയിലെത്തും. ഭക്ഷണ പൊതിയിൽ ഉള്ളത് ഇരുവരും പങ്കിട്ട് കഴിച്ചതിന് ശേഷം, തുണി വിരിച്ച് ഒന്നിച്ചുറങ്ങും. 8 വർഷമായി മണിച്ചി എന്ന തെരുവുനായയും, ശങ്കരനും സൗഹൃദത്തിലായിട്ട്. ശങ്കരൻ എന്ന ശശിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ് പോയതിനെക്കുറിച്ച് ഓർക്കാൻ ഇഷ്ടപ്പെടുന്നേയില്ല. ഈ ജീവിതവും അദ്ദേഹം സ്വയം തിരഞ്ഞെടുത്തത് തന്നെ. പകൽ സമയങ്ങളിൽ അടുത്തുള്ള വീടുകളിൽ പണിക്ക് പോകും. തികഞ്ഞൊരു അധ്വാനിയാണ് ശങ്കരൻ എന്നാണ് ഏവരും പറയുന്നത്. പണിക്ക് പോകുമ്പോൾ മണിച്ചിയും കൂടെ ഉണ്ടാവും. വെളുപ്പിന് 6 മണിക്ക് എഴുന്നേൽക്കുന്ന ശങ്കരൻ കടപ്പുറത്തേക്ക് നടക്കുമ്പോൾ അപ്പോഴും കൂട്ടിനെത്തും. എന്നാൽ കടൽ തീരത്തെ വലിയ നായ്കളെ ഭയന്ന്, സമീപമുള്ള കടയിൽ ശങ്കരൻ തിരിച്ചു വരുന്നത് വരെ മണിച്ചി കാത്ത് നിൽക്കും. കുണ്ടറയിലെ ഒരു കമ്പനിയിൽ അപ്രന്റീസായി ജോലി ചെയ്ത അദ്ദേഹം 8 വർഷം പ്രവാസജീവിതം നയിച്ചു. വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ ശങ്കരന്റെ ജീവിതത്തിലേക്ക് ഇടക്ക് കടന്നു വന്നവളാണ് മണിച്ചി. മഴയത്തും, വെയിലത്തുമെല്ലാം ഒരുമിച്ച്. കൂട്ടിന് ഒരാളുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ ജീവിതങ്ങൾ.