സ്മൃതി പരുത്തിക്കാടിനെതിരെ സൈബർ ആക്രമണം: ശൂന്യമായ തലച്ചോറിൽ ലിംഗം നിറച്ചുവെച്ച ആൺകൂട്ടമെന്ന് മനില സി മോഹൻ

പ്രമുഖ പത്രപ്രവർത്തകയും മീഡിയ വൺ ചാനലിൽ സീനിയർ കോ-ഓർഡിനേറ്റിങ്ങ് എഡിറ്ററുമായ സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്ന വ്യാപകമായ സൈബർ ആക്രമണത്തിന് എതിരെ രൂക്ഷ വിമർശനവുമായി മനില സി മോഹൻ. ശൂന്യമായ തലച്ചോറിൽ ലിംഗം നിറച്ചുവെച്ച് ചിന്തിക്കുന്ന ആൺകൂട്ടമാണ് സ്മൃതിക്കെതിരെ ആക്രമണം അഴിച്ചു വിടുന്നതെന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ മനില പറഞ്ഞു.

ഒരു സ്ത്രീയോട് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ അശ്ലീലം പറഞ്ഞും അസഭ്യം പറഞ്ഞും ലൈംഗികാധിക്ഷേപം നടത്തിയും അങ്ങ് തോൽപ്പിച്ചു കളയാമെന്ന ധാരണയുണ്ട് ഇവിടത്തെ ആൺബോധക്കൂട്ടത്തിന്. ആ ധാരണയ്ക്ക് രാഷ്ട്രീയ, പ്രത്യയശാസ്ത്രഭേദമോ മതഭേദമോ ലിംഗഭേദമോ ഇല്ല എന്നതാണ് സത്യം.

സ്മൃതിയ്ക്കു നേരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ നിയമപരമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. ഇതിനുമുൻപും ധാരാളം സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. പരാതികൾ കൊടുത്തിട്ടും നടപടികൾ ഉണ്ടായിട്ടില്ല. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തുടരാനുള്ള ഒരു കാരണം നിയമ സംവിധാനത്തിലെ അനാസ്ഥ കൂടിയാണെന്ന് മലയാളത്തിലെ ആദ്യത്തെ വെബ്സീനായ ട്രൂ കോപ്പി തിങ്കിൻ്റെ ചീഫ് എഡിറ്റർ കൂടിയായ മനില ചൂണ്ടിക്കാട്ടി.

Related Posts