മോഡൽ മഞ്ജുവാര്യർ, ക്യാമറ സംയുക്ത വർമ; മനോഹര ചിത്രം ഇൻസ്റ്റഗ്രാമിൽ
ആത്മാർഥ സുഹൃത്ത് സംയുക്ത വർമ ക്യാമറയിൽ പകർത്തിയ തൻ്റെ മനോഹരമായ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ. മഞ്ഞയുടുപ്പിൽ മനോഹരിയായി, പുഞ്ചിരി പൊഴിച്ചിരിക്കുന്ന ചിത്രമാണ് ആരാധകർക്കായി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഫ്രെയിമിൽ തെളിഞ്ഞു കാണുന്ന നിഴൽരൂപം ക്യാമറാ വുമൺ സംയുക്തയുടേതാണെന്ന രസകരമായ കുറിപ്പും ഫോട്ടോയ്ക്കൊപ്പമുണ്ട്.
റെസ്റ്റ്, റീസെറ്റ്, റീചാർജ് എന്ന പ്രചോദനാത്മകമായ അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. പുഞ്ചിരി നിറഞ്ഞ മഞ്ജുവിൻ്റെ മനോഹരമായ മുഖം കാണുന്നതു തന്നെ ഊർജം പകർന്നു നൽകുമെന്നാണ് ആരാധകരിൽ ചിലരുടെ പ്രതികരണം. ഗീതു മോഹൻദാസ്, അപർണ ബാലമുരളി, രജിഷ വിജയൻ, മാളവിക മേനോൻ, രമേഷ് പിഷാരടി, ബാബു ആൻ്റണി ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ മഞ്ജുവിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് പോസ്റ്റിൽ പ്രതികരിച്ചിട്ടുണ്ട്. 'അസുരൻ' എന്ന തമിഴ് ചിത്രത്തിൽ ധനുഷ്-മഞ്ജു ജോഡികളുടെ ഇളയ മകനായി മികച്ച അഭിനയം കാഴ്ചവെച്ച കെൻ കരുണാസ് "ബ്യൂട്ടിഫുൾ മാ" എന്നാണ് പ്രതികരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ 2.2 മില്യൺ ഫോളോവേഴ്സാണ് മഞ്ജുവിനുള്ളത്. വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം താരം നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. വെള്ളരിക്കാ പട്ടണം, ആയിഷ, ലളിതം സുന്ദരം തുടങ്ങി നിരവധി പുതിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. പ്രിയദർശൻ്റെ 'മരക്കാർ അറബിക്കടലിൻ്റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മഞ്ജുവാര്യർ ചിത്രം.