'മണ്ണ് ' തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ; ഡെലിഗേറ്റ് പാസ് ഒഴിവാക്കി സൗജന്യ പ്രദർശനം

കേരളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഡോക്യുമെൻ്ററി ചലച്ചിത്രം മണ്ണ് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഏപ്രിൽ 2-ാം തീയതി ശനിയാഴ്ച വൈകീട്ട് 4.30-നാണ് പ്രദർശനം. സംവിധായകൻ രാംദാസ് കടവല്ലൂരുമായുള്ള സംവാദവും നടക്കും.

മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് പതിറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ടതിൻ്റെ ചരിത്രവും വർത്തമാനവുമാണ് ചിത്രത്തിൻ്റെ പ്രമേയം. അതിജീവനത്തിനായി പൊരുതുന്ന മനുഷ്യരുടെ ജീവിതസമരമാണ് മണ്ണ് ചിത്രീകരിക്കുന്നത്. 2015-ൽ മൂന്നാറിൽ കണ്ണൻ ദേവൻ തേയിലത്തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികൾ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിൻ്റെ സാമൂഹ്യാവസ്ഥകളെയും ഭൂവിതരണത്തിലെ അസമത്വത്തെയും അതിനു പിന്നിലെ രാഷ്ട്രീയത്തെയുമാണ് മണ്ണ് അന്വേഷിക്കുന്നത്. ഭൂവുടമസ്ഥത യഥാർഥ അവകാശികളിൽനിന്ന് തട്ടിയെടുക്കപ്പെട്ടതും അട്ടിമറിക്കപ്പെട്ടതും എങ്ങനെയെന്ന് ചിത്രം പറഞ്ഞുതരുന്നു. ജാതിയെ മുൻനിർത്തിയുള്ള സാമൂഹ്യ വിശകലനത്തിനും മണ്ണ് മുതിരുന്നുണ്ട്. കേരളം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ കുറിച്ചുള്ള സാമ്പത്തിക, രാഷ്ട്രീയ വിശകലനം കൂടിയായി ഡോക്യുമെൻ്ററി മാറും.

ചിത്രത്തിൻ്റെ സാമൂഹ്യ പ്രസക്തി മുൻനിർത്തി ഡെലിഗേറ്റ് പാസ് ഒഴിവാക്കി സൗജന്യമായാണ് പ്രദർശിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Related Posts