കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം; ആറാം ചരമവാർഷിക ദിനത്തിൽ പ്രിയനടിക്ക് ഓർമപ്പൂക്കൾ അർപ്പിച്ച് മനോജ് കെ ജയൻ
ആറാം ചരമവാർഷിക ദിനത്തിൽ മലയാളത്തിൻ്റെ പ്രിയ നടി കൽപ്പനയ്ക്ക് ഓർമപ്പൂക്കൾ അർപ്പിച്ച് പ്രശസ്ത നടൻ മനോജ് കെ ജയൻ. മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്ന് നടൻ പറഞ്ഞു. കൽപ്പനയ്ക്കു തുല്യമെന്ന് പറയാൻ മലയാളത്തിൽ മറ്റൊരു അഭിനേത്രി ഇല്ല. കൽപ്പനയ്ക്കു തുല്യം കൽപ്പന മാത്രം.
സത്യസന്ധമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കൽപ്പനയുടേത്. ഏതു വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുകൾ അവർക്കുണ്ടായിരുന്നു. മരണം വരെയും തന്നെ സഹോദര തുല്യനായാണ് കൽപ്പന കണ്ടിരുന്നതെന്ന് നടൻ ഓർമിച്ചു. കൽപ്പനയുടെ സഹോദരി ഊർവശി ആയിരുന്നു മനോജ് കെ ജയൻ്റെ ആദ്യ ഭാര്യ. ഇരുവരുടേയും മകളാണ് കുഞ്ഞാറ്റ.
എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ 'മഞ്ഞ് ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് കൽപ്പന. ഊർവശി, കലാരഞ്ജിനി എന്നീ രണ്ടു സഹോദരിമാരും മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് തമാശ കഥാപാത്രങ്ങളിലൂടെ കൽപ്പന അഭിനയ രംഗത്ത് ശ്രദ്ധേയയാവുന്നത്. 'തനിച്ചല്ല ഞാൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കൽപ്പനയ്ക്ക് ലഭിച്ചിട്ടുണ്ട്. മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'ചാർലി' ആണ് നടിയുടെ അവസാന ചിത്രം. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ പോയ കൽപ്പന ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ വെച്ചാണ് 51-ാം വയസ്സിൽ മരണമടയുന്നത്.