'മക്കത്തെ ചന്ദ്രിക' ടീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ ജയൻ
ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച മക്കത്തെ ചന്ദ്രിക എന്ന സംഗീത ആൽബത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടൻ മനോജ് കെ ജയൻ. ആൽബത്തിന്റെ നിർമാതാവ് വി ഐ പോൾ, സംഗീത സംവിധായകൻ അൻഷാദ് തൃശൂർ, ഗാനരചയിതാവ് ഫൈസൽ പൊന്നാനി എന്നിവരാണ് ചിത്രത്തിലുള്ളത്. "ആദ്യ സമാഗമം, ഒരുപാട് സന്തോഷം" എന്ന കുറിപ്പും ഒപ്പമുണ്ട്. രണ്ടുമാസം മുമ്പ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത മാപ്പിളപ്പാട്ടിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
മുത്തുനബിയുടെ പൊന്നോമനയായ ഫാത്തിമാ ബീവിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനമാണ് മക്കത്തെ ചന്ദ്രിക. ഫൈസൽ പൊന്നാനിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗായകൻ കൂടിയായ അൻഷാദ് തൃശൂരാണ്. വലിയ വീട്ടിൽ മീഡിയയുടെ ബാനറിൽ ആൽബം നിർമിച്ചിരിക്കുന്നത് വി ഐ പോളാണ്. വിഷ്വൽസ് ഷാനു കാക്കൂരും പ്രോഗ്രാമിങ്ങ് സജിത്ത് ശങ്കറും മിക്സിങ്ങ് ലിജിത്ത് ആദർശും നിർവഹിക്കുന്നു. 'പുന്നാരേ നീയുറങ്ങൂ' എന്ന പ്രശസ്തമായ ഗാനത്തിനുശേഷം താൻ പാടുന്ന മനോഹരമായ മാപ്പിളപ്പാട്ടാണ് മക്കത്തെ ചന്ദ്രികയെന്ന് നേരത്തേ സാമൂഹ്യ മാധ്യമങ്ങളിലൂടെ മനോജ് കെ ജയൻ പറഞ്ഞിരുന്നു.