ലോകകപ്പിന് വിമാനത്തിലേറി 'മറഡോണ'യുമെത്തും
ദോഹ: ഖത്തർ ലോകകപ്പിന് വിമാനത്തിലേറി ഇതിഹാസ താരം 'ഡീഗോ മറഡോണ'യുമെത്തും. ആരാധകരെ ത്രസിപ്പിച്ച ഡീഗോ മറഡോണയുടെ ഓർമ്മകളുമായി 'ഡീഗോ' വിമാനം ദോഹയിൽ പറന്നിറങ്ങും. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഡീഗോ മറഡോണയില്ലാതെ ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. അർജന്റീനയെയും ഡീഗോയെയും സ്നേഹിക്കുന്ന ആരാധകർക്ക് അദ്ദേഹത്തിന്റെ ഓർമകൾ സമ്മാനിക്കുന്ന വിമാനം ലോകകപ്പിന്റെ ഭാഗമായാണ് ഖത്തറിലേക്ക് എത്തുക. നവംബറിൽ നടക്കുന്ന ടൂർണമെന്റ് വേളയിലാവും വിമാനത്തിന്റെ വരവ് കഴിഞ്ഞ മെയ് അവസാന വാരം ഡീഗോയുടെ ഓർമ്മകൾ വഹിച്ചുകൊണ്ട് 'ടാൻഗോ ഡിയോസ്' എന്ന പേരിൽ വിമാനം പുറത്തിറക്കിയിരുന്നു. അർജന്റീന കുപ്പായത്തിൽ ഇതിഹാസ താരത്തിന്റെ നമ്പറായ '10'നെ സൂചിപ്പിക്കുന്നതാണ് പേര്. 1986 ലോകകപ്പ് കിരീടത്തിൽ മറഡോണ മുത്തമിടുന്ന കൂറ്റൻ ചിത്രമാണ് വിമാനത്തിന്റെ പുറംഭാഗത്തെ മോടികൂട്ടുന്നത്. ചിറകുകളിൽ ഡീഗോയുടെ ഒപ്പും പഴയകാല ചിത്രങ്ങളും മുതൽ വിവാദമായ 'ഹാൻഡ് ഓഫ് ഗോഡ്' ഗോൾവരെ ഉൾപ്പെടുത്തിയിരുന്നു.