ലോകകപ്പ് ആഘോഷിക്കാൻ ജാഥ; റാലിക്കിടെ സംഘർഷം, പൊലീസുകാര്‍ക്ക് പരിക്ക്
പാലക്കാട്: ലോകകപ്പിനെ വരവേൽക്കാൻ ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ച റാലിക്കിടെ സംഘർഷവും കല്ലേറും. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ജയ്‌നമേട്ടിൽനിന്ന് ഒലവക്കോട്ടേക്കുള്ള റാലിക്കിടെയായിരുന്നു സംഭവം. നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ ആണ് വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ് അണിനിരന്നത്. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ ഇടപെട്ടതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, റാലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതായി ഫുട്ബോൾ പ്രേമികൾ പറഞ്ഞു. ഇതിനിടയിലാണ് കല്ലേറുണ്ടായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹൻ ദാസ്, സി.പി.ഒ സുനിൽകുമാർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, അനുമതിയോടെയാണ് റാലി നടത്തിയതെന്ന് ഫാൻസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു. പൊലീസിന് നേരെ കല്ലെറിഞ്ഞിട്ടില്ല. മറ്റ് പല കാരണങ്ങളാലും നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതാണെന്നും റാലിയിൽ പങ്കെടുത്തവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ഫുട്ബോൾ പ്രേമികൾ പറഞ്ഞു. അതേസമയം, ആളുകൾ പിരിഞ്ഞുപോകാതെ പൊതുജനങ്ങൾക്ക് ദുരിതം സൃഷ്ടിച്ച സമയത്താണ് ലാത്തിച്ചാർജ് നടത്തേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു.