അമേരിക്കൻ സ്കൂൾ വിദ്യാർഥികൾക്കിടയിലെ മരിജുവാന ഉപഭോഗത്തെപ്പറ്റി ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

2013-നും 2020-നും ഇടയിൽ അമേരിക്കയിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ മരിജുവാന ഉപഭോഗം ഇരട്ടിയായെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഇതേ കാലയളവിലെ അവസാനത്തെ 30 ദിവസം ഉപഭോഗത്തിൽ ഏഴിരട്ടി വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെയും കാനഡയിലെയും രണ്ട് ലക്ഷം കൗമാരക്കാരിൽ നടത്തിയ പതിനേഴോളം പഠനങ്ങൾ അപഗ്രഥിച്ചാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ജാമ പീഡിയാട്രിക്സ് ആണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

മരിജുവാനയിൽ അടങ്ങിയിട്ടുള്ള ടെട്രാഹൈഡ്രോകന്നാബിനോൾ അഥവാ ടിഎച്ച്സി മൂലമുള്ള ശരിയായ 'കിക്ക് ' കിട്ടുവാൻ ഉണങ്ങിയ മരിജുവാന വലിക്കുന്ന ശീലമാണ് കൗമാരക്കാർക്കിടയിൽ പൊതുവായുള്ളത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ 4 ശതമാനം ടി എച്ച്സി അടങ്ങിയ മരിജുവാനയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ 15 ശതമാനം ടിഎച്ച്സി യുള്ള ശക്തി കൂടിയ ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്.

ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരക്കാരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കണ്ടുവരുന്നതെന്നും പഠനം പറയുന്നു. ലഹരി ഉപയോഗം തലച്ചോറിൻ്റെ വളർച്ചയെയും അവബോധ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഏകാഗ്രത, ശ്രദ്ധ, ഓർമ, യുക്തിഭദ്രമായി ചിന്തിക്കാനുള്ള കഴിവ് തുടങ്ങി തലച്ചോറിൻ്റെ എല്ലാത്തരം പ്രവർത്തനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നു. സ്കൂൾ വിദ്യാർഥികൾക്കിടയിലെ മോശം പ്രകടനത്തിനും കൊഴിഞ്ഞു പോക്കിനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗാവസ്ഥകളുടെ വർധനവിനും മയക്കുമരുന്നുപയോഗം കാരണമാകുന്നതായി റിപ്പോർട്ടിലുണ്ട്.

Related Posts