വൈവാഹിക ജ്യോതിഷം

വിവാഹം എന്ന പദത്തിന് വിശിഷ്ടമായ വഹനം എന്നാണ് അർഥം പറഞ്ഞിരിക്കുന്നത്...

വിവാഹം എന്ന പദത്തിന് വിശിഷ്ടമായ വഹനം എന്നാണ് അർഥം പറഞ്ഞിരിക്കുന്നത് .ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തതും ജീവിതാവസാനം വരെ കൂടെ കൊണ്ടുപോകാൻ ബാധ്യത ഉള്ളതുമായ ബന്ധമാണ് വിവാഹത്തിലൂടെ ഉണ്ടാകുന്നത് .ഉണ്ടാകേണ്ടതും അതു തന്നെയാണ് .

വിവാഹം കുടുംബത്തെ രൂപപ്പെടുത്തുന്നു.കാല ദേശങ്ങളുടെയും ആചാരാനുഷ്ടാനങ്ങളുടെയും നിത്യ ജീവിത സാഹചര്യത്തിന്റെയും കാര്യത്തിൽ ഭിന്നതയുള്ള രണ്ടു പരിസരങ്ങളിൽ നിന്നാണ് സ്ത്രീയും പുരുഷനും പൊതുവായ ചില പൊരുത്തങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹിതരാകുന്നത്.അതിനു ഭൗതിക വിഷയങ്ങൾ മാത്രം പരിഗണിച്ചാൽ പോരാ .സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങളെ മുൻ നിർത്തിയുള്ള പൊരുത്ത പരിശോധനയും കൂടി അനിവാര്യമാണ്. പൊരുത്തം എന്ന വാക്കിനു സാമാന്യാർത്ഥം ചേർച്ച എന്നാണ് .തുല്യമായതു തമ്മിലെ യോജി ക്കുകയുള്ളൂ.അങ്ങനെ യോജിച്ചു കഴിഞ്ഞാൽ പിന്നെ മത്സരമില്ല.മത്സരിക്കുക എന്നതിന് പൊരുതുക എന്നാണ് പറയുക.പൊരുതുക എന്നതിൽ നിന്ന് പൊരുത്തത്തിലേക്കുള്ള ആശയ പകർച്ച ശ്രദ്ധിക്കുക.

ജ്യോതിഷത്തിന്റെ പ്രയോജക വിഷയങ്ങളിൽ സുപ്രധാനമായ ഒന്നാണ് ദാമ്പത്യ ഘടനാ നിർണയം .

പൊരുത്തങ്ങൾ

പൊരുത്തങ്ങൾ ഇരുപത്തി മൂന്നെണ്ണം ഉണ്ടെന്ന് പ്രശ്ന മാർഗത്തിൽ പറഞ്ഞിരിക്കുന്നു.ഇരുപത്തിമൂന്നിൽ പത്തെണ്ണം ആണ് പ്രധാനമായും സർവ സാധാരണമെന്ന നിലയിൽ പരിശോധിക്കുന്നത്.

രാശി പൊരുത്തം

രാശ്യാധിപ പൊരുത്തം

വശ്യ പൊരുത്തം

ദിന പൊരുത്തം

മാഹേന്ദ്ര പൊരുത്തം

സ്ത്രീ ധീർഘ പൊരുത്തം

നക്ഷത്ര യോനി പൊരുത്തം

ഗണ പൊരുത്തം

വേധ പൊരുത്തം

രജ്ജു പൊരുത്തം

രജ്ജുവിനു താലി എന്നാണ് അർത്ഥ സങ്കൽപം.കയർ,പാമ്പ് എന്നിങ്ങനെ അർത്ഥ ഭേദങ്ങൾ ഉണ്ടെങ്കിലും വിവാഹ പൊരുത്ത നിരൂപണത്തിൽ താലി ഭാഗ്യത്തെയും അതിന്റെ ദീർഘ കാല അനുഭവത്തെയുമാണ് സൂചിപ്പിക്കുന്നത്.ദമ്പതിമാരുടെ ജീവിതത്തിൽ ഐക്യവും സമാധാനവും സംതൃപ്തിയുമാണ് ലക്ഷ്യം വയ്ക്കുന്നത്.അതുകൊണ്ട് താലി ഭാഗ്യവുമായി പൊരുത്തങ്ങളിൽ ഒന്നിനെ ബന്ധപ്പെടുത്തി പറയുന്നതെന്ന് കരുതാം.രോഗം,വിരഹം എന്നിവ താലി ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് രജ്ജു ദോഷത്തിന്റെ ഫലമാണെന്ന് പറയുന്നു.

മധ്യമ രജ്ജുവിൽ സ്ത്രീ പുരുഷ നക്ഷത്രങ്ങൾ വന്നാൽ ബന്ധം ദോഷവും പ്രഥമ അന്തിമ രജ്ജുവിൽ വന്നാൽ മധ്യമവുമാണ് ഫലങ്ങൾ.സ്ത്രീ പുരുഷ നക്ഷത്രങ്ങൾ പരസ്പര ബന്ധമില്ലാത്ത പ്രഥമ, മധ്യമ,അന്തിമ രജ്ജുവിൽ ഓരോന്നിലുമാണ് വരുന്നതെങ്കിൽ ഉത്തമമാണ്.

പ്രഥമ രജ്ജു മധ്യമ രജ്ജു അന്ത്യ രജ്ജു

അശ്വതി ഭരണി കാർത്തിക

തിരുവാതിര മകീര്യം രോഹിണി

പുണർതം പൂയ്യം ആയില്യം

ഉത്രം പൂരം മകം

അത്തം ചിത്തിര ചോതി

തൃക്കേട്ട അനിഴം വിശാഖം

മൂലം പൂരാടം ഉത്രാടം

ചതയം അവിട്ടം തിരുവോണം

പൂരുരുട്ടാതി ഉത്രട്ടാതി രേവതി

പാപ സാമ്യങ്ങൾ

ദമ്പതിമാർ തമ്മിലുണ്ടാകുന്ന പരസ്പര ആശ്രയത്വം അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നു.സ്ത്രീ ജാതകത്തിൽ ലഗ്നാലോ ചന്ദ്രാലോ ശുക്രാലോ 1,2,4,7,8,12 ഭാവങ്ങളിൽ നിൽക്കുന്ന പാപ ഗ്രഹങ്ങൾക്ക്‌ പകരം പുരുഷ ജാതകത്തിലും ലഗ്നാലോ ചന്ദ്രാലോ ശുക്രാലോ 1,2,4,7,8,12 ഭാവങ്ങളിൽ പാപ ഗ്രഹങ്ങൾ നിന്നാൽ അതിനെ പാപ സാമ്യം എന്നു പറയുന്നു.സ്ത്രീ ജാതകത്തിൽ പാപം അല്പം കുറയുന്നത് നന്ന്.പൊരുത്ത നിരൂപണത്തിൽ പാപ സാമ്യ ചിന്ത വളരെ പ്രധാനപ്പെടുന്നതാണ്.

ലഗ്ന ബലം ചന്ദ്ര ബലം മറ്റു പാപ സ്ഥാനങ്ങളിൽ ഉള്ള ഗ്രഹ സ്ഥിതികൾ പാപ ഗ്രഹങ്ങൾക്കുള്ള ശക്തി മുതലായവ പരിശോധിച്ച് നിർണയം നടത്തണം.

സ്ത്രീ ജാതകത്തിൽ ഏഴിലോ എട്ടിലോ പാപ ഗ്രഹം നിന്നാൽ പുരുഷ ജാതകത്തിൽ എഴിൽ പാപി നിന്നാൽ പരിഹാരമാകും.സ്ത്രീ ജാതകത്തിൽ 7 ഭർത്താവിനെയും 8 ഭർത്താവിന്റെ ആരോഗ്യത്തേയും ആയുസ്സിനേയും അഥവാ സ്ത്രീയുടെ താലി ഭാഗ്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

പുരുഷ ജാതകത്തിൽ 7 ഭാര്യാ സ്ഥാനവും 8 സ്വന്തം ആയുസ്സുമാണ് കാണിക്കുക.

ചൊവ്വാ ദോഷം

ജ്യോതിഷത്തിൽ ഒരു പാപ ഗ്രഹമായാണ് കുജൻ സങ്കൽപ്പിക്കപ്പെടുന്നത്.ജാതകത്തിൽ കളത്ര ഹാനി ഉണ്ടാക്കുന്ന ദോഷമാണ് ചൊവ്വാ ദോഷം അഥവാ കുജ ദോഷം.

രവി,ശനി,രാഹു,കേതു എന്നിവയാണ് മറ്റു പാപ ഗ്രഹങ്ങൾ.ചുവപ്പ് നിറമാണ് കുജനുള്ളത്.അതിനാൽ ചൊവ്വ എന്നറിയപ്പെടുന്നു.

എന്നാൽ ഇവയിൽ ഏറ്റവും കൂടുതൽ അശുഭകരമായി കരുതുന്നത് 1,2,4,7,8,12 ൽ കുജൻ (ചൊവ്വ ) നിൽക്കുന്നതാണ്.ഇതിനെയാണ് വിവാഹ പ്രശ്നത്തിൽ ചൊവ്വാ ദോഷം എന്നു പറയുന്നത്.

ചൊവ്വാ ദോഷത്തിന്റെ ഏറ്റവും കൂടിയ അവസ്ഥ ചൊവ്വ 8 ൽ നിൽക്കുന്നതാണ്.പിന്നീട് 7,1,4,12,2 എന്ന ക്രമത്തിലാണ് പാപാധിക്യം കണക്കാക്കുന്നത്.കുജൻ,മന്ദൻ,രവി,സർപ്പൻ എന്നിവയിൽ കുജനാണ് ഏറ്റവും കൂടുതൽ പാപത്വം ഉള്ളത്.

പ്രാഥമിക വീക്ഷണത്തിൽ ദോഷം കണക്കാക്കുന്നത് നൈസർഗിക പാപന്മാർ എന്ന നിലയിലാണ്.എന്നാൽ ഈ ഗ്രഹങ്ങൾക്ക്‌ ലഗ്നാൽ ഏതു ഭാവാത്തിന്റെ ആധിപത്യമുണ്ട്.നിൽക്കുന്നത് ഉച്ച രാശിയിലോ സ്വക്ഷേത്രത്തിലോ ശത്രു ക്ഷേത്രത്തിലോ നീച ക്ഷേത്രത്തിലോ എന്നത് കൂടി കണക്കിലെടുക്കണം.ഇഷ്ട ഭാവാധിപത്യമായാലും ഇഷ്ട രാശി സ്ഥിതി ആയാലും പാപത്വം കുറയും.പാപത്വം കണക്കാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി പരിഗണിക്കണം.നൈസർഗ്ഗിക.പാപ ഗ്രന്ഥം യോഗ കാരകനായാൽ പാപത്വം വളരെ കുറയും.

7,8 ഭാവങ്ങളാണ് വിവാഹ വിഷയത്തിൽ പ്രധാനം.ഇതിനാൽ സ്ത്രീയുടെ അഷ്ടമത്തിലെ പാപന് തുല്യമായ പാപത്വം പുരുഷന്റെ ഏഴിൽ വേണം.സ്ത്രീയുടെ സപ്തമത്തിനു പുരുഷന്റെ സപ്തമം തന്നെ പരിഗണിക്കണം.പുരുഷന്റെ അഷ്ടമം നോക്കേണ്ടതില്ല.മറ്റു ഭാവങ്ങളെ നിരീക്ഷിക്കുമ്പോൾ സ്ത്രീ ജാതകത്തിലെ ആകെ പാപത്തിനു പകരം പുരുഷ ജാതകത്തിലെ ആകെ പാപത്വം നോക്കിയാൽ മതിയാകും.

കുജ ദോഷത്തിനു ജാതക നിരീക്ഷണത്തിൽ തന്നെ ഏറെ പരിഹാരങ്ങൾ ആചാര്യന്മാർ കണ്ടെത്തി നിർദ്ദേശിച്ചിട്ടുണ്ട്.അവയ്ക്ക് അടിസ്ഥാനമായ ഗ്രഹ നില നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കി പരസ്പരം യോജിപ്പിക്കാവുന്നതാണ്.

സംഗ്രഹണം - ആചാര്യ ജി സി

Related Posts