ബറോസിന്‍റെ ഭാഗമാകാന്‍ മാർക്ക് കിലിയൻ; ഏറ്റവും പുതിയ അപ്ഡേറ്റുമായി മോഹന്‍ലാല്‍
കൊച്ചി: മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകർ ഉറ്റുനോക്കുന്ന ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുമായി സംവിധായകൻ മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീതജ്ഞൻ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുമെന്നാണ് മോഹൻലാൽ പങ്കുവച്ച ഏറ്റവും പുതിയ വാർത്ത. ബറോസിന്‍റെ സഹസംവിധായകനായ ടി.കെ രാജീവ് കുമാറിനും മാർക്ക് കിലിയനുമൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ബറോസിന്‍റെ പശ്ചാത്തല സംഗീതം മാർക്ക് കിലിയൻ ഒരുക്കുമെന്നാണ് സൂചന. ദി ട്രെയിറ്റര്‍ പോലുള്ള ഹോളിവുഡ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള വ്യക്തിയാണ് മാർക്ക് കിലിയൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ബിഫോർ ദ റെയിൻ എന്ന ഇംഗ്ലീഷ് ചിത്രത്തിനു അദ്ദേഹം സംഗീതം നൽകിയിരുന്നു.