അടിയന്തരമായി മരോട്ടിച്ചാൽ പാലത്തിൻ്റെ സുരക്ഷ ഉറപ്പാക്കും - മന്ത്രി കെ രാജൻ
പുത്തൂർ: ശക്തമായ മഴയിൽ കേടുപാടുകൾ സംഭവിച്ച മരോട്ടിച്ചാൽ പാലത്തിൻ്റെ സുരക്ഷ അടിയന്തരമായി ഉറപ്പു വരുത്തുമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങൾ നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജൻ. പാലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.
കേരള റോഡ് ഫണ്ട് ബോർഡ്, എൽ എസ് ജി എഞ്ചിനീയർ, പി ഡബ്ല്യൂഡി എഞ്ചിനീയർ എന്നിവരോട് സംയുക്തമായി പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഞായറാഴ്ച വൈകിട്ടോടെ റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന നിയന്ത്രണം സംബന്ധിച്ച ഉത്തരവ് കലക്ടർ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
താൽക്കാലികമായി പാലത്തിന്റെ ഇരുവശവും കെട്ടി സുരക്ഷ ഉറപ്പാക്കും. അടിയന്തര പ്രധാന്യം നൽകി പാലത്തിന്റെ താൽക്കാലിക സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അതിന് ശേഷം പാലം പൂർണമായും പുനർനിർമിക്കാൻ ഫണ്ട് കണ്ടെത്തും. ജില്ലാ കലക്ടർ ഹരിത വി കുമാർ മന്ത്രിയോടെപ്പം പാലം സന്ദർശിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.