7 സംസ്ഥാനങ്ങളിൽ 14 ഭാര്യമാർ; വിവാഹത്തട്ടിപ്പ് വീരൻ ഒഡീഷയിൽ അറസ്റ്റിൽ, എറണാകുളത്ത് വായ്പാ തട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് ഭുവനേശ്വർ പൊലീസ്

48 വർഷത്തിനിടെ 7 സംസ്ഥാനങ്ങളിലായി 14 സ്ത്രീകളെ വിവാഹം കഴിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്ത് ഭുവനേശ്വർ പൊലീസ്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര ഗ്രാമത്തിൽ നിന്നുള്ള ഇയാൾ "ഭാര്യമാരിൽ" നിന്ന് കോടിക്കണക്കിന് രൂപ അപഹരിച്ചതായും ആരോപണമുണ്ട്. എന്നാൽ കുറ്റങ്ങളെല്ലാം ഇയാൾ നിഷേധിച്ചു.
1982-ലാണ് പ്രതി ആദ്യമായി വിവാഹം കഴിക്കുന്നത്. 2002-ൽ രണ്ടാമതും വിവാഹം ചെയ്തു. രണ്ട് വിവാഹങ്ങളിലുമായി ഇയാൾക്ക് അഞ്ച് മക്കൾ ഉണ്ടെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഉമാശങ്കർ ദാഷ് പറഞ്ഞു. 2002-നും 2020-നും ഇടയിൽ മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നിലവിലെ ഭാര്യമാർ അറിയാതെയാണ് പിന്നീടുള്ള 12 കല്യാണങ്ങളും കഴിച്ചത്.
ഡൽഹിയിൽ സ്‌കൂൾ അധ്യാപികയാണ് അവസാനം വിവാഹം ചെയ്ത സ്ത്രീ. അവർക്കൊപ്പം ഭുവനേശ്വറിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. മുൻവിവാഹങ്ങളെ കുറിച്ച് എങ്ങനെയോ അറിയാൻ ഇടയായ സ്ത്രീ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. മധ്യവയസ്കരായ അവിവാഹിതകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഉപേക്ഷിക്കുന്നതിനുമുമ്പ് അവരിൽ നിന്നും പണം തട്ടിയെടുക്കുമായിരുന്നു.
ഒരു ഡോക്ടറായാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അഭിഭാഷകരും ഡോക്ടർമാരും അടക്കം ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളായിരുന്നു പ്രധാന ഇരകൾ. ഒരു പാരാ മിലിട്ടറി ഉദ്യോഗസ്ഥയും ഇരകളിൽ ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു.
ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ്, ഒഡീഷ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ സ്ത്രീകളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഭാര്യമാരും ഒഡീഷയിൽ നിന്നുള്ളവരായിരുന്നു. ഇയാളുടെ പക്കൽ നിന്ന് 11 എ ടി എം കാർഡുകളും നാല് ആധാർ കാർഡുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. ഹൈദരാബാദിലും എറണാകുളത്തുമായി തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിനും ഇയാൾ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.