പരിശീലനത്തിന്റെ ഭാഗമായി ആയോധന കലകൾ; സൈനികര്‍ ഇനി കളരിപ്പയറ്റും പഠിക്കും

ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇനി ആയോധന കലകളും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള കളരിപ്പയറ്റ് ഉൾപ്പെടെയുള്ള തനതായ ആയോധന കലകൾ സംയോജിപ്പിച്ചായിരിക്കും പരിശീലനം. ആയുധങ്ങളില്ലാതെ ശത്രുവിനെ ശാരീരികമായി നേരിടുമ്പോൾ പ്രയോജനപ്പെടുത്താനാണിത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയാണ് 'ആർമി മാർഷ്യൽ ആർട്സ് റുട്ടീൻ' (അമർ) എന്ന പദ്ധതി പ്രഖ്യാപിച്ചത്. സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇന്ത്യൻ ആയോധന കലകൾ നിലവിൽ ചില റെജിമെന്‍റുകളിൽ സ്വന്തമായി പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്‍റിലെ ചില സ്ഥലങ്ങളിൽ കളരിപ്പയറ്റ്, സിഖ് റെജിമെന്‍റിൽ ഗട്ക, ഗൂർഖ റെജിമെന്‍റിൽ ഖുക്രി എന്നിവയുടെ പരിശീലനം നൽകാറുണ്ട്. ഇവയെല്ലാം സംയോജിപ്പിക്കുന്ന ഒരു പരിശീലന പരിപാടിയാണ് അമർ.

Related Posts