വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു.
ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. കൊവിഡ് കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച യോഗം നടക്കുകയാണ്. ഓൺലൈനായാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ യോഗത്തിൽ കൊവിഡ് വർധന സംബന്ധിച്ച അവതരണം നടത്തും.