യുദ്ധം വേണ്ടെന്ന് റഷ്യൻ ജനത; സെൻ്റ് പീറ്റേഴ്സ് ബർഗിൽ നടന്നത് പടുകൂറ്റൻ യുദ്ധവിരുദ്ധ റാലി

"യുദ്ധം വേണ്ട!" വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്‌സ് ബർഗിലെ പ്രധാന തെരുവായ നെവ്‌സ്‌കി പ്രോസ്‌പെക്റ്റിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച മുദ്രാവാക്യം. തൻ്റെ വികാരം ശക്തിയോടെ പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും വെറുപ്പുളവാക്കുന്നതാണ് ഭരണാധികാരികളുടെ ആർത്തിപൂണ്ട യുദ്ധക്കൊതിയെന്നും റാലിയിൽ പങ്കാളിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത റഷ്യൻ യുവതിയെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്തു. ഉക്രയ്ൻ ജനതയുടെ സഹനത്തിൽ അങ്ങേയറ്റം നിസ്സഹായതയും വേദനയും തോന്നുന്നതായി അവർ പറഞ്ഞു. റാലിയിൽ പങ്കാളികളായതിന് ആയിരക്കണക്കിന് പേരാണ് നഗരത്തിൽ അറസ്റ്റിലായത്.

നേരത്തെ, ഡസൻ കണക്കിന് മാധ്യമപ്രവർത്തകർ ഉക്രയ്‌നിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന നിവേദനത്തിൽ ഒപ്പുവെച്ച് ജനകീയമായ സമ്മർദങ്ങൾക്ക് ശ്രമിച്ചിരുന്നു. മോസ്കോ, സെന്റ് പീറ്റേഴ്‌സ് ബർഗ്, സമാറ, റിയാസാൻ നഗരങ്ങളിലെ നൂറിലേറെ മുനിസിപ്പൽ ഡെപ്യൂട്ടിമാർ റഷ്യൻ പൗരന്മാർക്ക് എഴുതിയ തുറന്ന കത്തും രാജ്യത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. റഷ്യൻ പൗരന്മാർ യുദ്ധത്തിൽ പങ്കെടുക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യരുതെന്നായിരുന്നു കത്തിലെ ആവശ്യം. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത അനീതിയാണ് ഉക്രയ്ൻ ജനതയ്ക്കു മേൽ റഷ്യ അടിച്ചേൽപ്പിക്കുന്നതെന്ന് കത്തിൽ പറയുന്നു.

സെന്റ് പീറ്റേഴ്‌സ്ബർഗിൽ പ്രാദേശിക സമയം രാത്രി 7 മണിക്കാണ് ചരിത്രപ്രസിദ്ധമായ ഗോസ്റ്റിനി ഡ്വോർ ഷോപ്പിംഗ് ആർക്കേഡിന് പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടാൻ തുടങ്ങിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു. ഉക്രേനിയൻ പതാകയുടെ നിറത്തിലുള്ള ബലൂണുകൾ പ്രകടനക്കാരിൽ ചിലർ കൈയിലേന്തിയിരുന്നു. ഉക്രയ്ൻ ഞങ്ങളുടെ ശത്രു രാജ്യമല്ല, റഷ്യൻ ജനത യുദ്ധത്തിന് എതിരാണ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ മുഴങ്ങിക്കേട്ടത്.

Related Posts