സെക്കന്തരാബാദിലെ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം; 11 പേർ മരിച്ചു
തെലങ്കാനയിലെ സെക്കന്തരാബാദിൽ ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടുത്തത്തിൽ 11 പേർ മരിച്ചു. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബോയ്ഗുഡയിലെ ജനത്തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ ബിഹാറിൽ നിന്നുള്ള 12 കുടിയേറ്റ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തീപിടുത്തമുണ്ടായ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി ഒരു തൊഴിലാളി രക്ഷപ്പെട്ടപ്പോൾ 11 പേർക്ക് ജീവൻ നഷ്ടമായി. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങൾ ബിഹാറിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങൾ നടക്കുകയാണ്.