കർഷകരെ "പണിയില്ലാത്ത മുഴുക്കുടിയന്മാർ" എന്നാക്ഷേപിച്ച ബിജെപി എം പിക്കെതിരെ വൻപ്രതിഷേധം, കാർ തല്ലിത്തകർത്തു
സമരം ചെയ്യുന്ന കർഷകരെ പണിയില്ലാത്ത മുഴുക്കുടിയന്മാർ എന്നാക്ഷേപിച്ച ബിജെപി രാജ്യസഭാ എം പിക്കെതിരെ മുദ്രാവാക്യം മുഴക്കിയും കരിങ്കൊടി കാണിച്ചും കർഷകരുടെ പ്രതിഷേധം. എം പി സഞ്ചരിച്ചിരുന്ന കാറിന്റെ വിൻഡോ ഷീൽഡ് പ്രതിഷേധക്കാർ അടിച്ചുതകർത്തു.
ഹരിയാനയിലെ നർനൗൻഡ് നഗരത്തിൽ ധർമശാല ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി എം പി രാം ചന്ദർ ജൻഗ്രയെയാണ് കർഷകർ വളഞ്ഞത്. വലിയ പൊലീസ് സന്നാഹം സ്ഥലത്ത് തമ്പടിച്ചിരുന്നു. ബാരിക്കേഡുകൾ ഉയർത്തി പ്രതിഷേധക്കാരെ കടത്തിവിടാതിരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ആയിരക്കണക്കിന് കർഷകരാണ് ഇരച്ചെത്തിയത്. ഇന്നലെ റോഹ്തക്കിലെ ഒരു ഗോശാലയിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെയാണ് കർഷകർക്കെതിരെ എം പി അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്. അതിനെതിരായ പ്രതിഷേധമാണ് ഇന്നുണ്ടായത്. കാർഷിക നിയമങ്ങളെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെന്നും യാതൊരു എതിർപ്പുമില്ലെന്നും ഗ്രാമങ്ങളിൽ നിന്നുള്ള തൊഴിലില്ലാത്ത മുഴുക്കുടിയന്മാരാണ് അതിനെതിരെ സമരം ചെയ്യുന്നതെന്നുമാണ് എം പി പറഞ്ഞത്.