രാജ്യത്തെ മാതൃമരണ അനുപാതം; ഏറ്റവും കുറവ് കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് മാതൃമരണ അനുപാതം കുറയുകയാണെന്ന് കേന്ദ്രം അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2018-2020 വർഷത്തെ റിപ്പോർട്ട് പ്രകാരം ലക്ഷത്തിൽ 97 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-2019ൽ ഇത് 103 ആയിരുന്നു. രാജ്യത്തെ മാതൃമരണ നിരക്ക് 6.0 ആണ്. മുൻ വർഷങ്ങളെ പോലെ മാതൃമരണ അനുപാതം (19) ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് മാതൃമരണ നിരക്ക് 0.9 ശതമാനമാണ്. 2017-2019ൽ അനുപാതം 30 ആയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അസം (195), ഉത്തർപ്രദേശ് (167), മധ്യപ്രദേശ് (173), ഛത്തീസ്ഗഢ് (137), രാജസ്ഥാൻ (113), ഒഡീഷ (119), ബീഹാർ (118), ഉത്തരാഖണ്ഡ് (103) എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ മാതൃമരണ അനുപാതം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.