ലോകത്തെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതം മൗനലോവ പൊട്ടിത്തെറിച്ചു
ഹവായ്: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമായ മൗനലോവ പൊട്ടിത്തെറിച്ചു. നാല് പതിറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് മൗനലോവ പൊട്ടിത്തെറിക്കുന്നത്. ഹവായിയിലെ ബിഗ് ഐസ്ലാൻഡ് നിവാസികൾക്ക് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൗനലോവ പൊട്ടിത്തെറിച്ചാൽ ഐസ്ലാൻഡിന് കാര്യമായ അപകട സാധ്യതയൊന്നുമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയത്. യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, ലാവയുടെ ഒഴുക്ക് ആരെയും അപകടത്തിലാക്കുന്ന രീതിയിലല്ല. എന്നിരുന്നാലും, മൗനലോവ പൊട്ടിത്തെറിക്കുന്ന രീതിയിലെ ഏതൊരു മാറ്റവും ലാവയുടെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. ഞായറാഴ്ച വൈകിയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. നേരത്തെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ആദ്യഘട്ടത്തിൽ വലിയ തോതിൽ ലാവാ പ്രവാഹമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ലാവയുടെ ഒഴുക്ക് കുറയും. മൗനലോവയില്‍ ഇതുവരെ കണ്ട പാറ്റേണാണിതെന്ന് വിദഗ്ധർ പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം, ലാവാ പ്രവാഹം അടുത്തുള്ള പട്ടണങ്ങളുടെ പരിസരത്ത് എത്താൻ ആഴ്ചകളോ മാസങ്ങളോ എടുക്കും.