മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം എൽ എ യും ഇന്ന് വിവാഹിതരാകും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളാണ് വിവാഹത്തിന് വേദിയാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിവാഹത്തിൽ പങ്കുചേരാനായി എത്തും. പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രൻ. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എ യാണ്. ഇരുവരും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു. 6ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വിവാഹസത്കാരം നടത്തും.

Related Posts