മഴ

പുറത്ത് മഴ ആര്‍ത്തലച്ചു പെയ്യുന്നുണ്ട്; കാറ്റുമുണ്ട്. കറൻറ് പോയി. മഴക്കാലമായില്ലെങ്കിലും പുറത്ത് നൂറു കണക്കിന് തവളകള്‍ ഇണകളെ വിളിക്കുന്ന ശബ്ദം മഴയുടെ ഇടവേളകളില്‍ കോറസായി മുഴങ്ങുന്നു. ഈ ഇരുട്ടിലും തണുപ്പിലും ഏകാന്തതയിലും മുങ്ങിയിരിക്കുമ്പോള്‍ ഞാന്‍ എന്നോടു പറഞ്ഞു ഈ മഴ എനിക്കു വേണ്ടിയാണ് പെയ്യുന്നത്. കാറ്റ് അതു കേട്ട് ഇലകള്‍ ഇളക്കി പൊട്ടിച്ചിരിച്ച് കടന്നു പോയി.

സത്യം!

മേടക്കാറ്റിന്റെ വിശറി പോലുമില്ലാതെ മുകള്‍ നിലയിലെ ഫ്‌ളാറ്റില്‍ വേനല്‍ എന്നെ പുഴുങ്ങിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു. തണുപ്പ് ഞാന്‍ പിന്നേയും താങ്ങും പക്ഷേ ചൂട് എനിക്ക് സഹിക്കാനാവില്ല. വിയര്‍ത്തു കുളിച്ചെഴുന്നേല്‍ക്കുന്ന വേനല്‍കാല പ്രഭാതങ്ങളില്‍ സകലതിനോടും വെറുപ്പും മടുപ്പും തോന്നും. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ കലഹങ്ങളിലേക്കും പൊട്ടിത്തെറികളിലേക്കും വഴിമാറും.

ഉഷ്ണം വിങ്ങുന്ന സന്ധ്യകളില്‍ എന്റെ തല അതിനേക്കാള്‍ വിങ്ങാന്‍ തുടങ്ങും. സദാസമയം ചൂടെടുക്കുന്നു എന്നുള്ള എന്റെ പരാതികള്‍ കേള്‍ക്കുമ്പോള്‍ മുമ്പൊക്കെ രൂപേഷിന് ദേഷ്യം വരാറുണ്ട്. നിനക്ക് മാത്രമല്ല എല്ലാവര്‍ക്കും ചൂട് അനുഭവപ്പെടുന്നുണ്ട്. ചൂട് എന്ന് വീണ്ടും വീണ്ടും പറഞ്ഞാല്‍ ചൂട് കുറയുകയൊന്നുമില്ല എന്നവന്‍ ദേഷ്യപ്പെടും. ലോണെടുത്തിട്ടാണെങ്കിലും വേണ്ടില്ല നിനക്ക് ഒരു എ.സി വാങ്ങിത്തരണമെന്നാണ് എന്റെ ആഗ്രഹം എന്നവന്‍ സ്‌നേഹപൂര്‍വ്വം ചിലപ്പോള്‍ പറയാറുണ്ട്.

തറയില്‍ വെള്ളം നനച്ച ചാക്കുകള്‍ ഇട്ട് അതിനിടയില്‍ പായയിട്ട് കിടക്കേണ്ടി വരുന്നത്ര ചൂടുള്ള വാസസ്ഥലങ്ങളില്‍ ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. ജയിലില്‍ വെച്ച് ചൂടു സഹിക്കാതെ ഞാന്‍ ഒരു കപ്പില്‍ വെള്ളമെടുത്ത് ചുമരുകളില്‍ തെളിച്ച് മുറി തണുപ്പിക്കാന്‍ ശ്രമിക്കും. തമിഴ്‌നാട്ടിലെ വേവുന്ന ചൂടില്‍ ആ വെള്ളം ഒഴിക്കും മുമ്പേ ആവിയായി പോയിട്ടുണ്ടാകും. തോര്‍ത്തു നനച്ചു പിഴിഞ്ഞ് മേലു വിരിച്ചിട്ടു കിടന്ന് എനിക്കു പനിയും കഫക്കെട്ടും പിടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ മഴക്കാലങ്ങളെ സ്‌നേഹിച്ചു.

രണ്ടു പ്രളയങ്ങളുടെ കെടുതിയില്‍ മഴക്കാലങ്ങളെക്കുറിച്ചുള്ള മലയാളിയുടെ കാല്‍പനിക പ്രണയമൊക്കെ ഏതാണ്ടൊലിച്ചു പോയിട്ടുണ്ട്. തലക്കു മുകളില്‍ ചോരാത്ത കൂരയില്ലാത്തവര്‍ക്കു മാത്രമല്ല, രണ്ടു നിലയില്‍ രമ്യഹര്‍മ്മങ്ങള്‍ തീര്‍ത്തവര്‍ക്കു വരെ ഇപ്പോള്‍ മഴയെ പേടിയാണ്. ചിക്കന്‍ ഗുനിയ, ഡെങ്കു എന്നൊക്കെ പല പനിപ്പേടികളായി മഴക്കാലം മാറിക്കഴിഞ്ഞു.

ഇപ്പോള്‍ കൊറോണയും മഴയും തമ്മിലുള്ള ചേര്‍ച്ച എങ്ങനെയിരിക്കും എന്ന ആശങ്കയിലാണ് എല്ലാവരും. ആരോഗ്യ വകുപ്പിന് മഴയെന്നാല്‍ മഴക്കാല രോഗങ്ങളാണ്. ഈ മഴക്ക് പുതുവസ്ത്രമണിഞ്ഞ് സ്‌കൂളില്‍ പോകാറുള്ള കുട്ടികളെ ഈ വര്‍ഷം കാണാനാവില്ല.

എന്റെ സ്‌കൂളില്‍ നീല ബോര്‍ഡറുള്ള വെള്ളപ്പാവാടയായിരുന്നു യൂണിഫോം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ധരിക്കാന്‍ വെള്ളപ്പാവാടകള്‍ തിരഞ്ഞെടുത്ത സ്‌കൂള്‍ അധികൃതരെ ഞങ്ങള്‍ പ്രാകാറുണ്ട്. ഞങ്ങളുടെ വെള്ളപ്പാവാടകളില്‍ പലതരം കറകള്‍ വെളുപ്പിനെ അതിശയിച്ചു തെളിഞ്ഞു നിന്നു. ക്രമം തെറ്റിയ ആര്‍ത്തവ ചക്രങ്ങളില്‍ നിന്നും പടര്‍ന്ന ചുവപ്പു/ തവിട്ടു രാശികള്‍, റബ്ബര്‍ ഹവായ് ചെരുപ്പുകളില്‍ നിന്നും തെറിക്കുന്ന ചെമ്മണ്ണിന്റെ ചെളിക്കറകള്‍, കയ്യക്ഷരം നന്നാക്കാനെന്ന പേരില്‍ അന്നു നിര്‍ബന്ധമാക്കിയിരുന്ന മഷിപ്പേനകളുടെ നീലപ്പുള്ളികള്‍ .... മഴയത്ത് നനഞ്ഞ പാവാടകളുമായി തണുത്തു വിറച്ചിരുന്നു പനി പിടിക്കുമോ എന്ന പേടിച്ചിട്ടായിരുന്നിരിക്കണം മഴക്കാലങ്ങളില്‍ വീട്ടില്‍ നിന്നും സ്‌കൂള്‍ എത്തും വരെ നിറമുള്ള പാവാടകള്‍ ധരിച്ചു പോകാന്‍ ഞങ്ങളെ അനുവദിച്ചിരുന്നു. അല്ലെങ്കിലേ മുതുകു വളയ്ക്കുന്ന കനമുള്ള ബാഗുകള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ മടക്കിവെച്ച ഒരു നീളന്‍ പാവാട കൂടി തിരുകി കയറ്റുന്നതു ബുദ്ധിമുട്ടായിരുന്നെങ്കിലും വെള്ളയുടെ ഏകതാനതയില്‍ നിന്നും മാറി മഴവില്‍ നിറങ്ങളില്‍ പൂത്തുലയാനുള്ള ഒരവസരം കിട്ടുന്നതില്‍ സന്തോഷിച്ചിരുന്ന ഞങ്ങള്‍ അതൊരു പ്രയാസമായി കണ്ടതേയില്ല!

നനഞ്ഞൊട്ടിയ നീളന്‍ പാവാടകള്‍ പലപ്പോഴും കാലില്‍ തടഞ്ഞ് ഞങ്ങളെ തള്ളി വീഴ്ത്താറുണ്ടായിരുന്നു. ചിലപ്പോള്‍ അതോടെ പാവാട കീറാനും മതി. ചെറിയ ഒരു വെള്ളച്ചാല്‍ കടക്കുമ്പോള്‍ പാവാടയില്‍ തടഞ്ഞു വീണ് ചെളിപുരണ്ട എന്നെ നോക്കി ചിരി നിറുത്താന്‍ സാധിക്കാതിരുന്ന ഒരു കൂട്ടുകാരിയെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

എന്നാല്‍ വീട്ടില്‍ പോയി നനഞ്ഞ ഉടുപ്പുകള്‍ മാറ്റി ചൂടു ചായ മൊത്തിക്കുടിക്കുമ്പോള്‍ ഉള്ള ഒരു സുഖമുണ്ടല്ലോ അതാണ് സ്വര്‍ഗ്ഗമെന്നാണ് ഞാന്‍ പണ്ടു വിചാരിച്ചിരുന്നത്. ആ ചൂടു ചായ ഉണ്ടാക്കിത്തരുന്ന ഉമ്മക്ക് ആ മഴയും ഈര്‍പ്പവും എങ്ങനെയായിരിക്കും അനുഭവപ്പെടുക എന്ന് ഞാനപ്പോഴും ചിന്തിച്ചിരുന്നില്ല!

പേമാരിയും, വെള്ളപ്പൊക്കവും, മഴക്കെടുതികളും, കടലാക്രമണവും ഒക്കെ യാഥാര്‍ത്ഥ്യമാണ്. മഴ എല്ലാവര്‍ക്കും എല്ലായ്‌പോഴും കാല്‍പനികവുമല്ല. എങ്കിലും മഴയെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. ഒരീറന്‍ കാറ്റുകൊണ്ട്് എന്റെ പൊള്ളുന്ന ഉടലിനെ ശമിപ്പിക്കുന്ന മഴയോട് എനിക്ക് പ്രണയമുണ്ട്. മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍ എന്നു ഞാനും കരുതുന്നുണ്ട്. മഴ ജീവനും വഴിയുമാണ്. ഒരു വേനലിന്റെ ഉഷ്ണത്തില്‍ പൊഴിയുന്ന പുതുമഴയെ ഒരു വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കാറുണ്ട്. ഈ മഴ പൊഴിയുന്നത് വെന്തുരുകുന്ന ഭൂമിക്കും എനിക്കും കൂടി വേണ്ടിയാണ്.

എഴുത്ത്

ഷൈന പി എ

Related Posts