അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ മീസിൽസ് വാക്സിൻ കുത്തിവയ്പ്പിൽ ഗണ്യമായ കുറവ് വന്നതാണ് രോഗവ്യാപനത്തിന് കാരണം. കേരളം, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രോഗം വർധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്. കേരളത്തിലെ മലപ്പുറത്താണ് സംഘം എത്തിയത്. മഹാരാഷ്ട്രയിലും കേസുകളും മരണങ്ങളും കൂടുകയാണ്. "കോവിഡിനെതിരായ വാക്സിനേഷൻ ത്വരിതമാക്കുന്നതിനിടയിൽ ലോകത്ത് എല്ലായിടത്തും പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ തടസ്സപ്പെട്ടു," ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 2021 ൽ മാത്രം 40 ദശലക്ഷം കുട്ടികൾക്ക് മീസിൽസ് വാക്സിൻ നഷ്ടമായി. രോഗപ്രതിരോധ പരിപാടികൾ ഊർജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ൽ, ലോകമെമ്പാടും 9 ദശലക്ഷം ആളുകൾക്ക് രോഗം ബാധിക്കുകയും 1,28,000 പേർ മരിക്കുകയും ചെയ്തു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങൾ ഉൾപ്പെടെ ഇരുപത്തിരണ്ട് രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്.