സോഷ്യല്‍മീഡിയ പോസ്റ്റുുകളിൽ വരുന്ന മോശം കമന്റുകൾക്ക് മാധ്യമസ്ഥാപനങ്ങൾ ഉത്തരവാദികളാണെന്ന് ഓസ്ട്രേലിയൻ കോടതി.
സാമൂഹിക മാധ്യമങ്ങളിലെ പേജുകളിൽ മാധ്യമസ്ഥാപനങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകൾക്ക് കീഴിൽ വായനക്കാരിൽ നിന്നും വരുന്ന മോശമായ അഭിപ്രായങ്ങൾക്ക് ഓസ്ട്രേലിയയിലെ വാർത്താ മാധ്യമങ്ങൾ ഉത്തരവാദികളായിരിക്കുമെന്ന് ഓസ്ട്രേലിയൻ ഹൈക്കോടതിയുടെ വിധി.
ഡൈലൻ വോളർ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. 2016 ൽ 17 വയസുകാരനായ ഇയാൾക്ക് തടവ് ശിക്ഷയ്ക്കിടെ നേരിടേണ്ടി വന്നിരുന്നു. ശിക്ഷയ്ക്കിടെ ഇയാൾ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ ഒരു ടിവി റിപ്പോർട്ടിലൂടെ പുറത്തുവരികയും അത് വലിയ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. ഇയാളെ ഒരു കസേരയിൽ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങളും പുറത്തുവരികയുണ്ടായി. വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയ ഈ സംഭവത്തെ കുറിച്ചുള്ള ലേഖനങ്ങൾക്ക് കീഴിലാണ് വായനക്കാർ ഫെയ്സ്ബുക്കിൽ കമന്റുകളിട്ടത്. ഈ പോസ്റ്റിൽ വന്ന മോശം കമന്റുകൾക്കെതിരെ ഇയാൾ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ് നൽകുകയായിരുന്നു.
2017 ൽ ജയിൽമോചിതനായ വോള്ളർ തൊട്ടടുത്ത വർഷമാണ് നൈൻ എന്റർടെയ്ൻമെന്റിന്റെ ഉടമസ്ഥതയിലുള്ള സിഡ്നി മോണിങ് ഹെറാൾഡിനെതിരെയും ന്യൂസ് കോർപ്പിന്റെ ദി ഓസ്ട്രേലിയൻ, സ്കൈ ന്യൂസ് ഓസ്ട്രേലിയ തുടങ്ങിയവയ്ക്കെതിരെയും മാനനഷ്ടത്തിന് കേസ് നൽകിയത്. നാല് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതിയുടെ പുതിയ ഉത്തരവ്. ഇതോടെ ഹർജിക്കാരന് ഇവർക്കെതിരെയുള്ള മാനനഷ്ടക്കേസുമായി മുന്നോട്ട് പോവാൻ സാധിക്കും. കേസിൽ ന്യൂസ് കോർപ്പ് ഓസ്ട്രേലിയയും, നൈൻ എന്റർടെയ്ൻമെന്റും ഉത്തരം പറയേണ്ടിവരും.
വായനക്കാരുടെ കമന്റുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടിലായിരുന്നു മാധ്യമസ്ഥാപനങ്ങൾ. വായനക്കാരുടെ ആരോപണങ്ങളും താൽപര്യങ്ങളും അറിയേണ്ടവയാണെന്നും അവർ പറഞ്ഞു.
എന്നാൽ 2019 ൽ ഈ വാദങ്ങൾ ന്യൂ സൗത്ത് വെയ്ൽസ് സുപ്രീംകോടതി നിഷേധിച്ചു. ഇതിനെതിരെ ഓസ്ട്രേലിയൻ ഹൈക്കോടതിയിൽ മാധ്യമങ്ങൾ നൽകിയ അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. ഒരു ഫെയ്സ്ബുക്ക് പേജ് നിർമിക്കുന്നതിലൂടെയും അതിൽ ഒരു വാർത്താ ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെയും ഉപയോക്താക്കളുടെ അഭിപ്രായ പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും അതിനുള്ള സൗകര്യമൊരുക്കുകയും അവ പ്രസിദ്ധീകരിക്കാൻ സഹായം നൽകുകയുമാണ് മാധ്യമങ്ങൾ ചെയ്യുന്നത് എന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ ഇങ്ങനെ ഒരു ഉത്തരവ് വാർത്താ പ്രസാധകരെ മാത്രമായിരിക്കില്ല ബാധിക്കുകയെന്നും വലിയ ഫോളോവർ പിന്തുണയുള്ള പേജുകളെയെല്ലാം ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.