മെഡിക്കൽ പ്രവേശനം; മോപ് അപ്പ് അലോട്മെന്റിന് വിലക്കേർപ്പെടുത്തിയതിനെതിരെ വിദ്യാർത്ഥികൾ കോടതിയിലേക്ക്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ്പ് അലോട്ട്മെന്‍റിൽ നിലവിൽ പ്രവേശനം നേടിയവർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നു. അഖിലേന്ത്യാ ക്വാട്ടയിലൂടെ കേരളത്തിന് പുറത്തുള്ള കോളേജുകളിലും, സ്വാശ്രയ മെഡിക്കൽ കോളേജുകളിലുമുൾപ്പെടെ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മോപ്-അപ്പിന് ഓപ്ഷൻ നൽകിയ 7412 വിദ്യാർത്ഥികളെ അയോഗ്യരാക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചിരുന്നു. അവരുടെ ലിസ്റ്റും കമ്മീഷണർ പ്രസിദ്ധീകരിച്ചു. ഇവരിൽ നീറ്റ് റാങ്ക് 47 മുതലുള്ള കുട്ടികളും ഉൾപ്പെടുന്നു. 1000 ത്തിൽ താഴെ റാങ്ക് നേടിയ 49 വിദ്യാർത്ഥികളുമുണ്ട്. അഖിലേന്ത്യാ കൗൺസിലിംഗിന്‍റെയും സംസ്ഥാന കൗൺസിലിംഗിന്‍റെയും രണ്ടാം ഘട്ടം വരെ പ്രവേശനം നേടിയ വിദ്യാർത്ഥികളെ മോപ്-അപ്പ് അലോട്ട്മെന്‍റിനായി പരിഗണിക്കേണ്ടതില്ലെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.

Related Posts