ഇമ്രാൻ ഖാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു
ഇസ്‌ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ നടന്ന റാലിക്കിടെ വെടിയേറ്റ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്ത അനുയായികളുമായി സംസാരിച്ചു. മൂന്ന് വെടിയുണ്ടകളേറ്റ അദ്ദേഹം ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. "എനിക്കറിയാം അവർക്കെന്നെ കൊല്ലണമെന്ന്. എന്നാൽ അല്ലാഹു എന്നെ സംരക്ഷിക്കുന്നവനാണെന്ന് അവർക്കറിഞ്ഞുകൂടാ. ഞാൻ തിരിച്ചടിക്കും," ഖാൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാലിൽ വെടിയേറ്റ ഇമ്രാൻ ഖാൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പാക് പഞ്ചാബ് പ്രവിശ്യയിലെ ആരോഗ്യമന്ത്രി യാസ്മിൻ റാഷിദ് പറഞ്ഞു. മുൻ ആരോഗ്യമന്ത്രി ഡോ.ഫൈസൽ സുൽത്താന്‍റെ മേൽനോട്ടത്തിൽ ഇമ്രാന്‍റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.