മീറ്റ് ദ മിനിസ്റ്റര്‍; സബ്‌സിഡിയിനത്തില്‍ സേതുരാമന് ലഭിച്ചത് 30 ലക്ഷം

തൃശ്ശൂർ: തൃശ്ശൂർ നെല്ലിക്കുന്ന് ഫ്ലെക്സ് പ്രിന്റിംഗ് സംരംഭകനായ സേതുരാമന് നല്‍കിയത് 30 ലക്ഷം ഇന്‍വെസ്റ്റ്‌മെന്റ് സബ്‌സിഡി. വ്യവസായ സംരംഭകരുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലയില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലാണ് സേതുരാമന് സബ്‌സിഡി നല്‍കിയത്. 2011 മുതല്‍ നല്‍കി വന്ന സബ്‌സിഡി മൂന്ന് തവണകളായാണ് കൊടുത്തിട്ടുള്ളത്. 2011ല്‍ 10.60 ലക്ഷം, 2014 ല്‍ 10 ലക്ഷം എന്നിങ്ങനെയും മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയോട് അനുബന്ധിച്ച് 9.40 ലക്ഷം രൂപയുമാണ് നല്‍കിയിട്ടുള്ളത്.

പൂര്‍ണമായും ഇക്കോ ഫ്രണ്ട്‌ലി സംരംഭകത്വമാണ് സേതുരാമന്റെ ഉടമസ്ഥതയിലുള്ള കല്യാണ്‍ ഗ്രാഫിക്‌സ് പിന്തുടരുന്നത്. പുനരുപയോഗിക്കാന്‍ കഴിയാത്തതായ സോള്‍വ്‌മെന്റ് ഫ്‌ലക്‌സ് പ്രിന്റിംഗ് മെഷീനുകളും ടോക്‌സിക് ഇങ്കും നിരോധിക്കുന്നതിന് നിയമം വന്നതിനെ തുടര്‍ന്ന് രണ്ടരക്കോടിയുടെ നിക്ഷേപത്തില്‍ പോളിസ്റ്റര്‍-കോട്ടന്‍ തുണികള്‍ ഉപയോഗിക്കുന്ന ഇക്കോ ഫ്രണ്ട്‌ലി പ്രിന്റിംഗ് സംവിധാനം കല്യാണ്‍ ഗ്രാഫിക്‌സ് കൊണ്ടുവന്നു.

കൊവിഡ് കാലത്ത് വ്യവസായ മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധികള്‍ ഫ്‌ലക്‌സ് പ്രിന്റിംഗ് മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. ഈ ഘട്ടത്തില്‍ നിയമാനുസൃതമായി വലിയ നിക്ഷേപത്തില്‍ സംരംഭത്തെ പുതുക്കിയത് സാമ്പത്തിക ബാധ്യതകള്‍ക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് വ്യവസായ സംരംഭകര്‍ക്ക് നല്‍കിയ ധനസഹായത്തില്‍ കല്യാണ്‍ ഗ്രാഫിക്‌സിനെയും ഉള്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലൂടെ ലഭിച്ച സഹായം ആശ്വാസമായെങ്കിലും ചെറുകിട സൂക്ഷ്മ ഇടത്തര സംരംഭങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ക്രഡിറ്റ് ലിങ്ക് കാപ്പിറ്റല്‍ സബ്‌സിഡി കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സേതുരാമന്‍.

Related Posts