ആദിവാസി കോളനികളിലെ കാട്ടാന ആക്രമണം: സുരക്ഷ ശക്തമാക്കും
തൃശൂർ: കാട്ടാന ആക്രമണം രൂക്ഷമായ ആദിവാസി കോളനികളില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ചാലക്കുടി, മറ്റത്തൂര്‍, വരന്തരപ്പിള്ളി ആദിവാസി മേഖലകളില്‍ വസിക്കുന്നവര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് കലക്ടറുടെ നിര്‍ദ്ദേശം.
കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ കാരിക്കടവ്, ചീനിക്കുന്ന് കോളനികളില്‍ അടിയന്തരമായി കാട്ടാന ശല്യം തടയുന്നതിന് ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തും. രണ്ടു കോളനികളിലുമായി താമസിക്കുന്ന 30 ഓളം കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാനും കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശിച്ചു. രണ്ടു കോളനികളിലും കൂടുതല്‍ വാച്ചര്‍മാരെ നിയോഗിക്കും. ജനജാഗ്രതാ സമിതി യോഗം മാസത്തില്‍ കാര്യക്ഷമമായി ചേര്‍ന്ന് കാര്യങ്ങള്‍ പരിഹരിക്കണം. മേഖലയില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്താനും വാഹന സൗകര്യമില്ലാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികളെ സേ പരീക്ഷയെഴുതിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കോളനിയിലെ പ്രശ്നങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഉടന്‍ സന്ദര്‍ശനം നടത്താമെന്നും കലക്ടര്‍ ഉറപ്പു നല്‍കി. കോളനിയില്‍ കാലങ്ങളായി താമസിക്കുന്നവര്‍ക്ക് ഭൂമിയില്ല എന്ന വിഷയം പരിഹരിക്കാന്‍ വനാവകാശ നിയമപ്രകാരമുള്ള സാധ്യത ആരാഞ്ഞ് നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട തഹസില്‍ദാരോട് കലക്ടര്‍ നിര്‍ദേശിച്ചു.
കാട്ടാന ആക്രമണം പരിഹരിക്കണം, ആദിവാസി ഭൂമികള്‍ വാസയോഗ്യമാക്കണം, വന്യജീവി മേഖലയില്‍ അടിയന്തരമായി വാച്ചര്‍മാരെ നിയമിക്കണം, മേഖലയിലെ പുഴ സംരക്ഷണം, വനമേഖലയിലെ വന്‍കിട നിര്‍മാണങ്ങള്‍ ഉണ്ടെങ്കില്‍ അവ നിര്‍ത്തിവെപ്പിക്കണം, കൈവശഭൂമിയ്ക്ക് പട്ടയം നല്‍കുന്ന നടപടി വേഗത്തിലാക്കണം, കൃഷിഭൂമിയില്‍ കാട്ടാന, പന്നി ആക്രമണം തടയണം എന്നിങ്ങനെയായിരുന്നു പങ്കെടുത്തവരുടെ പ്രധാന ആവശ്യം.
എ ഡി എം റെജി പി ജോസഫ്, ചാലക്കുടി തഹസില്‍ദാര്‍ രാജു, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ടി ആര്‍ സന്തോഷ്, വിവിധ വനം റേഞ്ച് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.