വയോജന സൗഹൃദ ജില്ല: യോഗം ചേർന്നു

തൃശൂരിനെ വയോജന സൗഹൃദ ജില്ലയാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെ അധ്യക്ഷതയിൽ രണ്ടാം ഘട്ട ചർച്ച സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്ററുടെയും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദിൻ്റെയും സാന്നിധ്യത്തിലായിരുന്നു ചർച്ച.

കേരളത്തിൻ്റെ ജനസംഖ്യയിൽ വയോജന അനുപാതം ദേശീയ ശരാശരിയെ അപേക്ഷിച്ച് കൂടുതലായതിനാൽ, ഇന്ന് കേരളത്തിൽ രൂപം കൊടുക്കുന്ന വയോജന സൗഹൃദ പദ്ധതികൾ ഭാവിയിൽ രാജ്യത്തിന് തന്നെ മാതൃകയാകാം എന്ന് ചർച്ചയിൽ കലക്ടർ അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ ജീവകാരുണ്യ പ്രവർത്തകർ വയോജന പരിപാലനം സംബന്ധിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു.

2017ൽ വിഭാവനം ചെയ്ത 'സുശാന്തം' എന്ന വയോജന സൗഹൃദ പദ്ധതിയുടെ തടസങ്ങൾ നീക്കി മുന്നോട്ട് കൊണ്ട് പോകുന്നതിൻ്റെ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു. വിവിധ മേഖലകളിൽ വായോജനങ്ങൾകുള്ള അനുഭവജ്ഞാനവും നൈപ്പുണ്യവും ജില്ലയുടെ വികസനത്തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള സമഗ്രമായ പദ്ധതിയാണ് 'സുശാന്തം'. തെരുവിൽ അന്തിയുറങ്ങുന്നവർക്ക് താൽക്കാലിക ഭവനം, പാലിയേറ്റിവ് കെയർ, തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിക്കൽ ആൻ്റ് റിഹാബിലിറ്റേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ജി രാഗപ്രിയ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Posts