20 വർഷത്തെ മോദിയുടെ പൊതുജീവിതം ആഘോഷമാക്കാൻ 20 ദിവസം നീണ്ടുനില്ക്കുന്ന മെഗാ ഈവൻ്റുമായി ബി ജെ പി

ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ 2001 ഒക്ടോബർ 7 മുതലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 20 വർഷത്തെ പൊതുജീവിതം ആഘോഷമാക്കാൻ ഭാരതീയ ജനതാ പാർട്ടി. ജന്മദിനമായ സെപ്റ്റംബർ 17 മുതലാണ് മെഗാ ഈവൻ്റിന് തുടക്കം കുറിക്കുന്നത്. ഒക്ടോബർ 7-ന് പരിപാടികൾക്ക് സമാപനം കുറിക്കും.

'സേവ് ആൻ്റ് സമർപ്പൺ അഭിയാൻ' എന്ന പേരിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യമാസകലം ശുചിത്വ ക്യാമ്പയിനുകളും രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കും. ബി ജെ പി പ്രവർത്തകർ 5 കോടി പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയയ്‌ക്കും.

ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകിയും സൗജന്യ വാക്സിൻ നൽകിയും പാവങ്ങളെ സഹായിച്ച പ്രധാനമന്ത്രിക്ക് കൃതജ്ഞത അർപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം പ്രചാരണ ബോർഡുകൾ സ്ഥാപിക്കും.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 നാണ് രാജ്യത്തുടനീളം ശുചിത്വ ക്യാമ്പയിൻ നടത്തുന്നത്. പ്രധാനമന്ത്രിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ട് പ്രത്യേക പ്രദർശനങ്ങൾ നടത്താൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുദ്ധിജീവികളേയും പ്രഗത്ഭ വ്യക്തിത്വങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പരിപാടികൾ അരങ്ങേറും. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ജന്മദിന സമ്മാനങ്ങൾ പി എം മെമൻ്റോസ് എന്ന സർക്കാർ വെബ്സൈറ്റിലൂടെ ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Related Posts